X

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നോട്ടീസ് രാജ്യസഭ ചെയര്‍മാന്‍ തള്ളി

അറ്റോണി ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിപക്ഷ ആവശ്യം തള്ളിയിരിക്കുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയ നോട്ടീസ് രാജ്യസഭ ചെയര്‍മാന്‍ തള്ളി. അറ്റോണി ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിപക്ഷ ആവശ്യം തള്ളിയിരിക്കുന്നത്. സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.

അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍, സുപ്രീം കോടതി മുന്‍ ജഡ്ജിമാരായ വി സുദര്‍ശന്‍ റെഡ്ഡി, ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമ സെക്രട്ടറി പികെ മല്‍ഹോത്ര, മുന്‍ ലെജിസ്‌ളേറ്റീവ് സെക്രട്ടറി സഞ്ജയ് സിംഗ്, രാജ്യസഭ സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വെങ്കയ്യ നായിഡുവിന്റെ തീരുമാനമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ തന്നെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഏഴ് പാര്‍ട്ടികളില്‍ നിന്നുള്ള 71 എംപിമാരാണ് ഇംപീച്ച്‌മെന്‍റ് നോട്ടീസില്‍ ഒപ്പ് വച്ചിരിക്കുന്നത്.

This post was last modified on April 23, 2018 5:57 pm