X

ഏപ്രില്‍ 28 മുതല്‍ കേരളത്തില്‍ പിണറായി മാത്രമല്ല ‘മുഖ്യമന്ത്രി’!

ദലിത്, ആദിവാസി വിഭാഗങ്ങളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടേയും പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കുമെന്ന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അനില്‍ ജോസ് പറഞ്ഞു. കോര്‍പ്പറേറ്റ് ഫണ്ട് സ്വീകരിക്കില്ല.

പിണറായി വിജയന്‍ ഏതായാലും വരുന്ന ഏപ്രില്‍ 28ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാനുള്ള യാതാരു സാധ്യതയും സാഹചര്യവും കേരളത്തില്‍ നിലവിലില്ല. എന്നാല്‍ ഏപ്രില്‍ 28 മുതല്‍ കേരളത്തിന് രണ്ട് മുഖ്യമന്ത്രിമാരും രണ്ട് മന്ത്രിസഭകളുമായിരിക്കും. പാശ്ചാത്യ രാജ്യങ്ങളിലെ ഷാഡോ കാബിനറ്റ് മാതൃകയില്‍ ഒരു അനൗദ്യോഗിക മന്ത്രിസഭ കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ് എന്ന് സ്‌ക്രോള്‍ (scroll.in) പറയുന്നു. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ദലിത് നേതാവും ഭരിപ ബഹുജന്‍ മഹാസംഘ് അധ്യക്ഷനും ഡോ.ബിആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍, മന്ത്രിസഭാംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളേയും സമീപനങ്ങളേയും നടപടികളേയും വിമര്‍ശനാത്മകമായി വിലയിരുത്തുന്ന മന്ത്രിസഭയില്‍ മുഖ്യമമന്ത്രിയും പകുതി മന്ത്രിമാരും വനിതളായിരിക്കും. എന്‍ജിഒ പ്രവര്‍ത്തകരും സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ബദല്‍ സര്‍ക്കാരുണ്ടാക്കുന്നത്. വോട്ടേഴ്‌സ് അലൈന്‍സ്, ഗാന്ധിയന്‍ കളക്ടീവ്, മൂഴിക്കുളം ശാല, ഹ്യൂമണ്‍ വെല്‍നെസ് സ്റ്റഡി സെന്റര്‍, കേരളീയം. ഗാന്ധിയന്‍ സ്റ്റഡി സെന്റര്‍ തുടങ്ങിയ സംഘടനകള്‍ ഷാഡോ കാബിനറ്റിന്റെ രൂപകരണത്തില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

ദലിത്, ആദിവാസി വിഭാഗങ്ങളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടേയും പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കുമെന്ന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അനില്‍ ജോസ് പറഞ്ഞു. കോര്‍പ്പറേറ്റ് ഫണ്ട് സ്വീകരിക്കില്ല. ജനങ്ങളില്‍ നിന്ന് പിരിക്കുന്ന പണം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. 19 അംഗ പിണറായി മന്ത്രിസഭക്ക് പകരം ഇത്രയും അംഗങ്ങള്‍ തന്നെയാണ് ബദല്‍ മന്ത്രിസഭയിലുമുണ്ടാവുക. വകുപ്പ് വിഭജനം സംബന്ധിച്ചും ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും മന്ത്രിമാരുടെ പെരുമാറ്റ ചട്ടം സംബന്ധിച്ചും ജനതാല്‍പര്യം സംരക്ഷിക്കുന്ന ബജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ചുമെല്ലാം നിരവധി വര്‍ക്ക് ഷോപ്പുകളും ചര്‍ച്ചകളും ഇവര്‍ നടത്തുന്നുണ്ട്. ശില്‍പ്പശാലകള്‍ക്കും സെമിനാറുകള്‍ക്കും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സി അച്യുത മേനോന്‍ ഫൗണ്ടേഷനും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അനില്‍ ജോസ് പറയുന്നു.

കേരളത്തില്‍ ഇതാദ്യമായാണ് ഒരു ഷാഡോ കാബിനറ്റ് വരുന്നതെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നേരത്തെയുമുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വിലാസ് റാവു ദേശ്മുഖ് മുഖ്യമന്ത്രിയായിരിക്കെ, 2005ല്‍ കോണ്‍ഗ്രസ് – എന്‍സിപി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തുണ്ടായിരുന്ന ബിജെപി – ശിവസേന സഖ്യം ഇത്തരത്തില്‍ ബദല്‍ മന്ത്രിസഭ രൂപീകരിച്ചിരുന്നു. 2014ല്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരായി കോണ്‍ഗ്രസ് ഷാഡോ കാബിനറ്റുണ്ടാക്കിയിരുന്നു. 2015ല്‍ ഗോവയില്‍ ഷാഡോ കാബിനറ്റ് ഉണ്ടാക്കിയത് ജെന്‍ നെക്‌സ്റ്റ് എന്ന എന്‍ജിഒയാണ്.

വായനയ്ക്ക്‌: https://goo.gl/t4pkaC

This post was last modified on April 10, 2018 1:52 pm