X

ക്വെറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രമണം: നാല് മരണം, 20ലേറെ പേര്‍ക്ക് പരിക്ക്

ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി അക്രമം നടത്തുന്നത് താലിബാനാണ്

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ക്വെറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രമണം. നാല് പേര്‍ മരിച്ചു. 20ലേറെ പേര്‍ക്ക് പരിക്ക്. ഖ്വെറ്റ സര്‍ഗോവന്‍ റോഡിലുള്ള പള്ളിയില്‍ ഇന്ന് ഉച്ചയോടെ കടന്നുകയറിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. ആ സമയത്ത് ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ നടക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അതേസമയം രണ്ട് അക്രമികളാണ് ഇതിന് പിന്നിലെന്നാണ് ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സര്‍ഫ്രാസ് ബുക്തി പറയുന്നത്. ഒരാള്‍ പള്ളിയുടെ ഗെയ്റ്റില്‍ വച്ച് തന്നെ പോലീസിന്റെ വെടിയേറ്റ് മരിച്ചുവെന്നും എന്നാല്‍ മറ്റേയാള്‍ പള്ളിക്കുള്ളില്‍ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ രണ്ട് ഭീകരര്‍ കൂടി അക്രമത്തില്‍ ഉള്‍പ്പെടുന്നതായി ഡിജിപി അബ്ദുള്‍ റസാഖ് ചീമ പറയുന്നു. ഒരാളെ പോലീസ് വെടിവച്ച് കൊന്നതോടെ രണ്ട് പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.

പള്ളിയില്‍ ആരാധനയ്ക്കായെത്തിയ നാല് പേരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി അക്രമം നടത്തുന്നത് താലിബാനാണ്. അക്രമത്തെ തുടര്‍ന്ന് ക്വെറ്റയിലെ എല്ലാ ആശുപത്രികളിലും അടിന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസ്, രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ അക്രമസ്ഥലത്ത് എത്തിയിട്ടുണ്ട്. മേഖലയില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി.

പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി അഷ്‌സാന്‍ ഇഖ്ബാല്‍ അക്രമത്തില്‍ ഖേദം രേഖപ്പെടുത്തി. 2014ല്‍ നടന്ന പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന്റെ മൂന്നാം ദുഃഖാചരണത്തിന് തൊട്ടടുത്ത ദിവസമുണ്ടായ ഇന്നത്തെ ആക്രമണത്തെ പാകിസ്ഥാന്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തില്‍ 150ലേറെ പേരാണ് മരിച്ചത്. ഇതില്‍ കൂടുതലും വിദ്യാര്‍ത്ഥികളായിരുന്നു.