ആലുവ ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഇടനിലക്കാരന്‍ അബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജരേഖയുണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്നാണ് അബു പോലീസിന് മൊഴി നല്‍കിയത്.
അബുവിനെ വിജിലന്‍സും ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. ചൂര്‍ണിക്കരയില്‍ വ്യാജരേഖയുണ്ടാക്കി ഭൂമി തരംമാറ്റിയത് ഇടനിലക്കാരന്‍ അബുവാണെന്ന് ഭൂവുടമ ഹംസ നേരത്തെ തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് കാലടി ശ്രീഭൂതപുരം സ്വദേശി അബു ഒളിവില്‍ പോയത്. ആലുവ റൂറല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്.
തിരുവനന്തപുരത്തെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്നാണ് അബുവിന്റെ മൊഴി. ഈ ഉദ്യോഗസ്ഥരുടെ പേരും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ സര്‍വീസിലുള്ള ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കവും പോലീസ് തുടങ്ങിക്കഴിഞ്ഞു. ചൂര്‍ണിക്കര വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെയും പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരുടെയും സാന്നിധ്യത്തിലാണ് അബുവിനെ ചോദ്യം ചെയ്യുന്നത്.
Leave a Comment