X

പിണറായിയുടെ മതേതര സര്‍ട്ടിഫിക്കറ്റ് വേണ്ട, വിജയനെക്കാള്‍ മുമ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയവനാണ് ഞാന്‍; മുഖ്യമന്ത്രിക്ക് എ കെ ആന്റണിയുടെ മറുപടി

ബ്രിട്ടീഷുകാരും സര്‍ സിപി രാമസ്വാമി അയ്യരും ശ്രമിച്ചിട്ട് തകര്‍ക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിനെയാണ് പിണറായി വിജയനും കേരളത്തില്‍ മാത്രമുള്ള സിപിഎമ്മുകാരും ചേര്‍ന്ന് തകര്‍ക്കാന്‍ നോക്കുന്നത്

കേരളത്തില്‍ ആര്‍എസ്എസ്സിന് വെള്ളവും വളവും ഇട്ടുകൊടുക്കുകയാണ് എ കെ ആന്റണി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപത്തിന് മറുപടിയുമായി ആന്റണി. പിണറായിയുടെ മതേതരത്വ സര്‍ട്ടിഫിക്കറ്റ് വേണ്ട. വിജയനെക്കാള്‍ മുന്നേ രാഷ്ട്രീയത്തില്‍ വന്നവനാണ് ഞാന്‍. എന്റെ മതേതരത്വ സ്വഭാവത്തിന് പിണറായി സര്‍ട്ടിഫിക്കറ്റ് വേണ്ട. കേരളത്തില്‍ ആരാണ് ആര്‍എസ്എസ്സിനും ബിജെപിക്കും വെള്ളവും വളവും കൊടുക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് ആ തൊപ്പി ചേരുന്നത് മുഖ്യമന്ത്രിക്ക് തന്നെയാണ്; കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി അനവസരത്തില്‍ ഉള്ളതായിരുന്നുവെന്നാണ് ആന്റണി പറഞ്ഞത്. കോടിക്കണക്കിന് ഭക്തര്‍ക്ക് എതിരായ വിധിയായിരുന്നു അതെന്നും ആന്റണി പറഞ്ഞു. 95 ശതമാനം വനിതകളും ഈ വിധിക്ക് എതിരാണെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. ഈ വിധി കേരളത്തില്‍ മാത്രം ബാധകമായതാണെന്നും ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു സുപ്രിം കോടതി വിധിയെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ആന്റണിയുടെ മറുപടി.

ശബരിമല വിഷയത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും ചേര്‍ന്ന് നാടകം കളിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുക്കൂട്ടിലാണിരുവരുമെന്നും ആന്റണി കുറ്റപ്പെടുത്തി. മലര്‍പ്പൊടിക്കാരന്റെ കണക്കുക്കൂട്ടല്‍ മാത്രമാണിതെന്നും ആന്റണി പരിഹസിച്ചു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളാണ് ശരിയെന്നു ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും ആന്റണി ആവകാശപ്പെട്ടു.

ബ്രട്ടീഷുകാരും സര്‍ സിപി രാമസ്വാമിയ അയ്യരും ശ്രമിച്ചിട്ടും തകര്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിയേയാണ് പിണറായി വിജയനും സിപിഎമ്മും കൂടി തകര്‍ക്കാന്‍ നോക്കുന്നത്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നിരവധി ചാരന്മാരെ ബ്രിട്ടീഷുകാര്‍ അയച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കും സര്‍ സി പി ക്കും കഴിയാത്തത് പിണറായി വിജയനും കേരളത്തില്‍ മാത്രമുള്ള സിപിഎമ്മിനും എങ്ങനെ കഴിയും? എന്നും ആന്റണി ചോദിച്ചു.