X

ഇനി ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍: ഒടിയന്റെ പ്രദര്‍ശനം കൊടുങ്ങല്ലൂരില്‍ തടഞ്ഞു

കോഴിക്കോട് മിഠായി തെരുവില്‍ വ്യാപാരികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

ഇനി മുതല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ അറിയിച്ചു. ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇനി മുതല്‍ ഹര്‍ത്താലിന് കടയടച്ചിടില്ലെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം ബിജെപി ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെതിരെ കോഴിക്കോട് വ്യാപാരികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഹര്‍ത്താലിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. മോഹന്‍ലാല്‍ നായകനായ ഒടിയന്‍ സിനിമയുടെ പ്രദര്‍ശനം കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.

അതേസമയം രാവിലെ ആറുമണിയോടുകൂടി ആരംഭിച്ച ബി.ജെ.പി ഹര്‍ത്താല്‍ ഭാഗികമാണ്. പൊതുഗതാഗതം ഏറെക്കുറെ സ്തംഭിച്ചിട്ടുണ്ടെങ്കിലും, എല്ലായിടത്തും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതിനാല്‍ ഹര്‍ത്താലിന്റെ കാഠിന്യം കുറവാണ്. ഓട്ടോയും സ്വകാര്യവാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്. നേരത്തേ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട മൂന്ന് ബസ്സുകളുടെ ചില്ലുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പുലര്‍ച്ചെ മൂന്നരയോടെ അടിച്ചുതകര്‍ക്കുകയായിരുന്നു. കോഴിക്കോട്ട് ചിലയിടങ്ങളിലും ആദ്യ മണിക്കൂറുകളില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. എന്നാല്‍, അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്.

സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നില്ലെങ്കിലും പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പൊലീസ് സംരക്ഷണത്തില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്ടു നിന്നും വയനാട്ടിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. പൊലീസ് സംരക്ഷണം ഉറപ്പാകുന്ന മുറയ്ക്ക് തിരുവനന്തപുരത്തു നിന്നും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ആരംഭിക്കും. സ്വകാര്യ ബസുകളുടെ അഭാവത്തിലും നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങളുടെ തിരക്കുണ്ട്. ഗതാഗത സൗകര്യം തടസ്സപ്പെട്ടതിനാല്‍ ചിലയിടങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരടക്കം കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇടയ്ക്കിടെ അനാവശ്യ ഹര്‍ത്താലുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഇനിമുതല്‍ കടകള്‍ അടച്ച് സഹകരിക്കേണ്ടതില്ലെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ തീരുമാനിച്ചത്. ഹര്‍ത്താലിനെത്തുടര്‍ന്ന് മിഠായിത്തെരുവില്‍ നടത്തിയ പ്രതിഷേധക്കൂട്ടായ്മയിലാണ് വ്യാപാരികള്‍ തീരുമാനമറിയിച്ചത്. അപ്രതീക്ഷിതമായുണ്ടായ ഇന്നത്തെ ബി.ജെ.പി ഹര്‍ത്താലില്‍ കടകള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും, വലിയ നഷ്ടം വരുത്തിവയ്ക്കുന്ന ഹര്‍ത്താലുകളോട് ഇനിയങ്ങോട്ട് സഹകരണമുണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു. സംസ്ഥാനത്ത് മിക്കയിടത്തും കടകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്.

ഹര്‍ത്താല്‍ നടന്നാലും തടസ്സമില്ലാതെ തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഒടിയന്‍ സിനിമയുടെ പ്രദര്‍ശനം ഹര്‍ത്താല്‍ അനുകൂലികളുടെ ഇടപെടല്‍ മൂലം തടസ്സപ്പെട്ടതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഒടിയന്റെ ഷോകള്‍ മുടങ്ങിയിരുന്നു. കോഴിക്കോട്ടെ തിയേറ്ററുകളില്‍ ഫാന്‍ ഷോകളടക്കം തടസ്സപ്പെട്ടു. ടിക്കറ്റെടുത്ത് അതിരാവിലെ സിനിമയ്ക്കെത്തിയവര്‍ പ്രതിഷേധമറിയിച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് അപ്സര, കോറണേഷന്‍ തിയേറ്റര്‍ ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എസ്.എല്‍ തീയേറ്ററിലും പ്രദര്‍ശനം മുടങ്ങിയിട്ടുണ്ട്. ആരാധകര്‍ പ്രതിഷേധിച്ചെങ്കിലും, വൈകീട്ട് ആറുമണിക്കു ശേഷമേ പ്രദര്‍ശനം തുടരാനാകൂ എന്ന നിലപാടിലാണ് ഉടമകള്‍.

നിര്‍ബന്ധപൂര്‍വം വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റു ചെയ്യുമെന്ന ഡി.ജി.പിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അനിഷ്ട സംഭവങ്ങള്‍ താരതമ്യേന കുറവാണ്. ശബരിമല വിഷയത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ഹര്‍ത്താലാണിത്. സെക്രട്ടേറിയേറ്റിലെ ബി.ജെ.പിയുടെ സമരപ്പന്തലിനു സമീപം തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ ബി.ജെ.പി ഹര്‍ത്താല്‍.