X

കമ്മ്യൂണിസ്റ്റുകാര്‍ക്ക് സര്‍വകലാശാലയില്‍ അഡ്മിഷന്‍ നല്‍കരുതെന്ന് ബിജെപി നേതാവ്

കമ്മ്യൂണിസ്റ്റുകാര്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം അനുവദിക്കുന്നത് ഗുജറാത്തിന് ആപത്ത്‌

കമ്മ്യൂണിസ്റ്റുകാരായ വിദ്യാര്‍ത്ഥികള്‍ക്ക് എംഎസ് സര്‍വകലാശാലയില്‍ അഡ്മിഷന്‍ നല്‍കരുതെന്ന് ബിജെപി നേതാവ്. ഗുജറാത്തിലെ ബിജെപി നേതാവായ ഹസ്മുഖ് വഘേലയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഇദ്ദേഹം സര്‍വകലാശാലയിലെ സെനറ്റ് മെമ്പറാണ്.

സര്‍വകലാശാലയിലെ വാര്‍ഷിക യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം. ഒരുകാരണവശാലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് സര്‍വകലാശാലയില്‍ അഡ്മിഷന്‍ നല്‍കരുത്. അത് ഗുജറാത്തിന് ആപത്താണ്. അവരുടെ പ്രവര്‍ത്തികള്‍ ഗുജറാത്തിനെ കീറിമുറിക്കും. അഡ്മിഷന്‍ നല്‍കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും മനസിലാക്കണം. അത് മാനദണ്ഡമാക്കി മാത്രം പ്രവേശനം നല്‍കിയാല്‍ മതി.

ഏതെങ്കിലും വിദ്യാര്‍ത്ഥിയ്ക്ക് കമ്മ്യൂണിസ്റ്റ് അനുഭാവമുണ്ടെന്ന് കണ്ടാല്‍ അവര്‍ക്ക് പ്രവേശനം നല്‍കരുത്. നിലവില്‍ സര്‍വകലാശാലയില്‍ കമ്മ്യൂണിസ്റ്റുകളുടെ സാന്നിധ്യമില്ല. ഇനി ഒരിക്കലും അതുണ്ടാകാന്‍ അനുവദിക്കരുതെന്നും വഘേല ആവശ്യപ്പെടുന്നു.

അതേസമയം വഘേലയുടെ ഈ ആവശ്യം അടിസ്ഥാന രഹിതമാണെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നീരജ് ജെയ്‌സ്വാള്‍ അറിയിച്ചു. ഏതൊരു വിദ്യാര്‍ത്ഥിയും ഞങ്ങള്‍ക്ക് വിദ്യാര്‍ത്ഥിയാണ്. അവരുടെ മതം പോലും ഞങ്ങള്‍ അപേക്ഷ ഫോമില്‍ ചോദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on March 28, 2018 11:02 am