X

സഭയില്‍ പോണ്‍ കണ്ടിരുന്നവരില്‍ ഒരാള്‍ ഇപ്പോള്‍ കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി മറ്റൊരാള്‍ മന്ത്രി

സവാദിയും പാട്ടീലും പോണ്‍ വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കിയതോടെ കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളെയും സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച വിമത വിഭാഗത്തിന്റെയും എതിര്‍പ്പുകളെ വകവയ്ക്കാതെ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ തീരുമാനത്തിനെതിരെയും വന്‍ വിമര്‍ശനം ഉയരുന്നുണ്ട്.

നിയമസഭയില്‍ സമ്മേളനം നടക്കുന്നതിനിടെ പോണ്‍ വീഡിയോ കണ്ടുകൊണ്ടിരുന്നത് ചാനല്‍ ക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് 2012ല്‍ മന്ത്രിസ്ഥാനങ്ങള്‍ നഷ്ടപ്പെട്ട ലക്ഷ്മണ്‍ സവാദിയയെ ഉപമുഖ്യമന്ത്രിയാക്കിയതിനും സി സി പാട്ടീലിനെ മന്ത്രിയാക്കിയതിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മോശമായ പ്രതിച്ഛായ ഉള്ളയാളെ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിട്ടും ഉപമുഖ്യമന്ത്രിയാക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. യെഡിയൂരപ്പയുടെ അടുത്ത അനുയായിയും മുന്‍മന്ത്രിയും എംഎല്‍എയുമായ രേണുകാചാര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

സവാദിയും പാട്ടീലും പോണ്‍ വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ബിജെപിക്കെതിരെ വലിയ കടന്നാക്രമണം നടത്താന്‍ എതിര്‍ പാര്‍ട്ടികള്‍ ഈ സംഭവം ഉപയോഗിക്കുകയും ചെയ്തു. കോണ്‍ഗ്രസ്, ജെഡിഎസ് വിമത എംഎല്‍എമാരെ രാജിവയ്ക്കുന്നതിലെത്തിച്ച നീക്കങ്ങളില്‍ പ്രധാന പങ്ക് വഹിച്ചാണ് സവാദിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിച്ചത്. 15 വര്‍ഷമായി യെഡിയൂരപ്പയുടെ വിശ്വസ്ഥനായി തുടരുന്നതും സവാദിയെ ഉപമുഖ്യമന്ത്രി പദത്തിന് അര്‍ഹനാക്കി.

പാട്ടീല്‍ 2018ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ സവാദി കോണ്‍ഗ്രസിന്റെ മഹേഷ് കുമത്തല്ലിയോട് പരാജപ്പെട്ടു. എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെതിരായ വിമതനീക്കങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ കുമത്തല്ലിയെ സ്പീക്കര്‍ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. പരിചയസമ്പന്നരായ ഒരു ഡസനോളം നേതാക്കളെ മന്ത്രിസ്ഥാനത്തു നിന്നും തഴഞ്ഞതില്‍ വലിയ തോതില്‍ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. അഭിപ്രായഭിന്നതയെ തുടര്‍ന്ന് കര്‍ണാടക ടൂറിസം മന്ത്രി സി ടി രവി രാജിവയ്ക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിഷേധിച്ചു.

മുതിര്‍ന്ന ദലിത് നേതാവ് ഗോവിന്ദ് കെ കര്ഡജോള്‍, യുവവൊക്കലിംഗ നേതാവ് സി എന്‍ അശ്വത് നാരായണ എന്നിവരാണ് സവാദിനൊപ്പം ഉപമുഖ്യമന്ത്രിമാകായത്. അശ്വത് നാരായണയെ ഉപമുഖ്യമന്ത്രിയാക്കിയതില്‍ മുന്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിമാരായിരുന്ന ആര്‍ അശോകും കെ എസ് ഈശ്വരപ്പയും അതൃപ്തി അറിയിച്ചിട്ടുണ്ട്. കെ എസ് ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യം അതിശക്തമായി പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

യെഡിയൂരപ്പയെ ഒതുക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തിന്റെ ഭാഗമാണ് മൂന്ന് ഉപമുഖ്യമന്ത്രിമാരെന്നും അദ്ദേഹത്തിന് ആരെയും ഉപമുഖ്യമന്ത്രിയാക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

also read:പോലീസുകാരുടെ ആത്മഹത്യ: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു, ബോധവത്ക്കരണം വേണ്ടത് മേലുദ്യോഗസ്ഥര്‍ക്കെന്ന് പോലീസുകാര്‍