X

ശ്രീലങ്കയില്‍ സൈനിക നടപടി; കൊല്ലപ്പെട്ടവരില്‍ ആറ് കുട്ടികളും, പള്ളികളിലെ കുര്‍ബാനകള്‍ റദ്ദാക്കി

എഴുപത് ഭീകരര്‍ ഇപ്പോഴും ഒളിവിലാണെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു

ശ്രീലങ്കയിലെ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കി കത്തോലിക്കാ സഭ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുര്‍ബാന ഉണ്ടായിരിക്കില്ലെന്നാണ് സഭ അറിയിച്ചിരിക്കുന്നത്. വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയെതുടര്‍ന്നാണ് നടപടി. ഇതിനിടെ ഭീകരരുടെ താവളങ്ങളില്‍ സൈന്യം റെയ്ഡ് തുടരുകയാണ്. ഏറ്റുമുട്ടലുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ വകുപ്പ് അറിയിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ റെയ്ഡിന് നേരെ ഒരുകൂട്ടം ആളുകള്‍ നിറയൊഴിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. എഴുപത് ഭീകരര്‍ ഇപ്പോഴും ഒളിവിലാണെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.

ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്ത് വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. സ്‌ഫോടക വസ്തു ശേഖരമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഏറ്റുമുട്ടലിന് പിന്നാലെ സ്‌ഫോടനങ്ങളുമുണ്ടായി. ചാവേറുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വാഹനങ്ങളും കണ്ടെത്തി. ഇതിലൊന്ന് ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ സഹ്രാന്‍ ഹാഷിമിന്റേതാണെന്നാണ് കരുതുന്നത്. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെ വീടുകളിലൊന്നില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഐഎസിന്റെ പതാക, യൂണിഫോം എന്നിവ കണ്ടെടുത്തു.

This post was last modified on April 27, 2019 10:46 am