X

കന്റോണ്‍മെന്റ് സി ഐയ്ക്ക് സ്ഥലംമാറ്റം; മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമെന്ന് ആരോപണം

ജീവനക്കാരന്‍ അറസ്റ്റിലായതിനെക്കുറിച്ചോ അതിന് പിന്നാലെ സിഐയെ സ്ഥലം മാറ്റിയതിനെക്കുറിച്ചോ അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

സ്ത്രീകളുടെ പിന്നാലെ നടന്ന് ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീലസൈറ്റുകളില്‍ പ്രസിദ്ധീകരിച്ച സിഡിറ്റ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ കന്റോണ്‍മെന്റ് സിഐയ്ക്ക് സ്ഥലം മാറ്റം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പോസ്റ്റര്‍ ഡിസൈനിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തിരുന്ന മഹേഷിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാര നടപടിയായാണ് സ്ഥലംമാറ്റമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കന്റോണ്‍മെന്റ് സിഐ എം പ്രസാദിനെയാണ് വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയത്. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയും സിഡിറ്റിലെ താല്‍ക്കാലിക ജീവനക്കാരനുമായ മഹേഷ് ഭാസ്‌കറിനെയാണ് രണ്ട് ദിവസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ പ്രകാരമാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. പിന്നാലെ നടന്ന് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് അശ്ലീല സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്‌തെന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പരാതിക്കാരിയെ കൂടാതെ മുപ്പതിലേറെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് എക്‌സ് വീഡിയോസ് എന്ന സൈറ്റില്‍ ഇയാള്‍ പ്രസിദ്ധീകരിച്ചത്.

മഹേഷിന്റെ കുടുംബത്തിന് സര്‍ക്കാരിലുള്ള സ്വാധീനമാണ് സിഐയുടെ സ്ഥലംമാറ്റത്തില്‍ കലാശിച്ചതെന്നാണ് ആരോപണം. അതേസമയം ജീവനക്കാരന്‍ അറസ്റ്റിലായതിനെക്കുറിച്ചോ അതിന് പിന്നാലെ സിഐയെ സ്ഥലം മാറ്റിയതിനെക്കുറിച്ചോ അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമുഖത്തോട് പ്രതികരിച്ചു. പ്രതികാര നടപടിയാണെന്ന് പോലീസുകാര്‍ തന്നെ ആരോപിക്കുന്നുണ്ടെങ്കിലും സ്ഥലംമാറ്റത്തിന് പിന്നില്‍ ഇതായിരിക്കും കാരണമെന്ന് കരുതുന്നില്ലെന്നാണ് കന്റോണ്‍മെന്റ് സ്റ്റേഷനിലെ ചില പോലീസുകാര്‍ പറയുന്നത്.

മഹേഷിനെതിരെ കൂടുതല്‍ കേസുകളെടുക്കാന്‍ പോലീസ് തയ്യാറെടുക്കുന്നതിനിടെയാണ് സിഐയുടെ സ്ഥലംമാറ്റം. മഹേഷിന്റെ അറസ്റ്റ് മാധ്യമങ്ങളില്‍ നിന്നും മറച്ചുവയ്ക്കണമെന്ന സമ്മര്‍ദ്ദവും പോലീസിനുണ്ടായിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയതും. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും മഹേഷ് മാനസിക രോഗിയാണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

അടിസ്ഥാന യോഗ്യത പോലുമില്ലാത്തവര്‍ സ്വാധീനമുപയോഗിച്ച് സിഡിറ്റിലും അവിടെ നിന്നും ഡെപ്യൂട്ടേഷനിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലും എത്തുന്നതായി നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടെയിലാണ് ഇത്തരം കേസുകളും പുറത്തുവരുന്നത്.

This post was last modified on October 6, 2018 2:00 pm

Related Post
Leave a Comment