X

ആക്രമണത്തില്‍ സിപിഎം തലശേരി ലോക്കല്‍ കമ്മിറ്റിക്ക് പങ്കെന്ന് സി ഒ ടി നസീര്‍

വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു നസീര്‍

തന്നെ ആക്രമിച്ചതിന് പിന്നില്‍ സി പി എം ലോക്കല്‍ കമ്മിറ്റിക്ക് പങ്കുണ്ടെന്ന് സി ഒ ടി നസീര്‍ അഴിമുഖത്തോട് പ്രതികരിച്ചു. തലശ്ശേരി, കൊളശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്നാണ് നസീര്‍ പറയുന്നത്. പിടിയിലായ മൂന്ന് പേര്‍ മാത്രമല്ല കേസിലെ പ്രതികള്‍. ചെയ്യിച്ച ആള്‍ക്കാരെയും കണ്ടെത്തേണ്ടതുണ്ടെന്നും നസീര്‍ ആവശ്യപ്പെടുന്നു.

ഒരു വെള്ള പേപ്പറില്‍ ഫിംഗര്‍ പ്രിന്റ് മാത്രം ഒപ്പിടീച്ചുകൊണ്ടാണ് പോലീസുകാര്‍ പോയത്. ആ സമയത്ത് താന്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നെന്നും നസീര്‍ വ്യക്തമാക്കി. നസീര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുറച്ചു ദിവസങ്ങളായി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തന്നെ പിന്തുടരാറുണ്ടായിരുന്നെന്നും നസീര്‍ വ്യക്തമാക്കി.

ഈമാസം 19ന് രാത്രി എട്ട് മണിയോടെയാണ് നസീറിന് വെട്ടേറ്റത്. വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു നസീര്‍. ബൈക്കിലെത്തിയ മൂന്ന് പേരാണ് തന്നെ ആക്രമിച്ചതെന്ന് നസീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്ന് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. തലശേരി കയ്യാത്ത് റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. കൈയ്ക്കും തലയ്ക്കും വയറിനും പരിക്കേറ്റ നസീര്‍ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തലശേരി മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായിരുന്ന നസീര്‍ ആശയപരമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയാണ് നസീര്‍. തനിക്ക് വെട്ടേറ്റതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നുമെന്നും നസീര്‍ വ്യക്തമാക്കി.

This post was last modified on May 22, 2019 2:54 pm

Related Post
Leave a Comment