X

അധികം കളിച്ചാല്‍ കോണ്‍ഗ്രസുകാരെ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും: കാസര്‍ഗോഡ് സിപിഎം ജില്ലാ നേതാവിന്റെ കൊലവിളി പ്രസംഗം

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് മുമ്പായിരുന്നു മുസ്തഫയുടെ കൊലവിളി പ്രസംഗം

കാസര്‍ഗോഡ് കല്ല്യാട്ട് സിപിഎം ജില്ലാ കമ്മിറ്റി അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. സിപിഎം ഓഫീസില്‍ നടത്തിയ പരിപാടിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി പി മുസ്തഫയാണ് കൊലവിളി പ്രസംഗം നടത്തിയത്. പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് മുമ്പായിരുന്നു മുസ്തഫയുടെ കൊലവിളി പ്രസംഗം. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വീഡിയോ പുറത്തുവിട്ടത്.

കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ ആക്രമണത്തില്‍ എ പീതാംബരനും ഏതാനും സിപിഎം പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗത്തിനിടെയായിരുന്നു മുസ്തഫ കൊലവിളി നടത്തിയത്. ”പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്‍റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിധത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും” – മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു. ഇരട്ടക്കൊലപാതക കേസില്‍ പീതാംബരനാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് ആറ് പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പെരിയ ഇരട്ടക്കൊലപാതകത്തിന് സിപിഎം നേതൃത്വത്തിന്റെ അനുമതിയുണ്ടായിരുന്നെന്നും സഹായം ലഭിച്ചുവെന്നുമുള്ള ആരോപണം ശക്തമാകുമ്പോഴാണ് മുസ്തഫയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവരുന്നത്. പീതാംബരനടക്കം കേസിലെ നാല് പ്രതികള്‍ കൊലപാതകത്തിന് ശേഷം ആദ്യമെത്തിയത് പാര്‍ട്ടി ഓഫീസിലാണെന്നും തിങ്കളാഴ്ച പുലര്‍ച്ചെ വരെ ഇവിടെയുണ്ടായിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു. ബാക്കിയുള്ള മൂന്ന് പേര്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലാണ് തങ്ങിയത്. നേരം പുലര്‍ന്നതോടെ ഇവരെ പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് മാറ്റിയത് നേതാക്കളാണെന്നും ആരോപണം ഉണ്ട്. ദേശീയപാത ഒഴിവാക്കി മറ്റ് വഴികളിലൂടെയാണ് ഇവരെ പാര്‍ട്ടി ഗ്രാമത്തിലെത്തിച്ചത്.

അതേസമയം താന്‍ കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്നും തന്റെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് വ്യാജപ്രചരണം നടത്തുകയാണെന്നുമാണ് മുസ്തഫ പറയുന്നത്.

This post was last modified on February 21, 2019 6:36 pm