X

ബിജെപിക്ക് ഒഴിച്ച് ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്‌തോളൂ; കര്‍ണാടകയില്‍ ബിജെപിക്കെതിരേ ‘ആന്ധ്ര ഇടപെടല്‍’

തെലുഗരെ വഞ്ചിച്ച മോദിക്കും ബിജെപിക്കും ഒരു തെലുഗനും വോട്ട് ചെയ്യരുത്

ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്‌തോളൂ, പക്ഷേ ബിജെപിക്ക് മാത്രം ചെയ്യരുതെന്ന് കര്‍ണാടകത്തില്‍ വോട്ട് അവകാശമുള്ള തെലുഗരോട് തെലുഗ് ദേശം പാര്‍ട്ടിയുടെ ആഹ്വാനം. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മളെ വഞ്ചിച്ചതാണ്, അതുകൊണ്ട് കര്‍ണാടകയിലേയും, തമിഴ്‌നാട്ടിലേയും തെലുങ്കാനയിലേയും ആന്ധ്രയിലേയും തെലുഗ് ജനത ബിജെപി വോട്ട് ചെയ്യരുതെന്നാണ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കെ ഇ കൃഷ്ണമൂര്‍ത്തി ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

മോദി ഏകാധിപത്യ പ്രവണത തുടരുകയാണെങ്കില്‍ ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ വലിയ വിടവ് ഉണ്ടാകാന്‍ കാരണമാകുമെന്നും കൃഷ്ണമൂര്‍ത്തി ആരോപിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി/മോദി വിരുദ്ധ പ്രചാരണങ്ങള്‍ക്കായി പ്രത്യേക ടിഡിപി സംഘത്തെ അയക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന സൂചനകളും വരുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു തീരുമാനം തങ്ങള്‍ക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഉപമുഖ്യമന്ത്രി കൃഷ്ണ മൂര്‍ത്തി സ്വകാര്യ ആവശ്യത്തിനായി ബെംഗളൂരുവില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നുവെന്നും ടിഡിപി നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ മൂര്‍ത്തി പറഞ്ഞകാര്യങ്ങള്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണെന്നും നേതൃത്വം ഉറപ്പിച്ചു പറയുന്നു.

Related Post
Leave a Comment