X

ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി: മത്സരിക്കാന്‍ 58 പേര്‍

നടന്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ വരാണാധികാരിയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിവച്ചു

ചെന്നൈ ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. അമ്പത്തിയെട്ടുപേരാണ് മത്സരരംഗത്തുള്ളത്. അതേസമയം നടന്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ വരാണാധികാരിയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിവച്ചു.

ഡിഎംകെയുടെ മരുത് ഗണേഷ്, അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി ഇ മധുസൂദനന്‍, ബിജെപി സ്ഥാനാര്‍ത്ഥി കരു നാഗരാജ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികളിലെ പ്രമുഖര്‍. പതിമൂന്ന് പത്രികകള്‍ പിന്‍വലിച്ചു. പത്രിക തള്ളിയിട്ടും പോരാടാന്‍ തന്നെയായിരുന്നു നടന്‍ വിശാലിന്റെ തീരുമാനം. വരാണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. പത്രിക തള്ളിയ നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിവച്ചു.

പിന്താങ്ങിയതിന് ശേഷം നിലപാട് മാറ്റിയ രണ്ടുപേരെ നേരിട്ട് ഹാജരാകാന്‍ മൂന്ന് മണി വരെ സമയം അനുവദിച്ചെന്ന് വിശാല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അവരെ രണ്ട് പേരെയും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അവരുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും ഒരു മണിക്കൂറിന് ശേഷം വീണ്ടും ട്വിറ്ററില്‍ കുറിച്ചു. മത്സരിച്ചില്ലെങ്കിലും ആര്‍കെ നഗറിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയെന്ന് ഉറപ്പായതിന് ശേഷം വിശാല്‍ പ്രതികരിച്ചത്.

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെയും സാന്നിധ്യത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി ഇ മധുസൂദനന്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. മണ്ഡലത്തില്‍ പ്രചരണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ആവശ്യപ്പെട്ട തൊപ്പി ചിഹ്നം ലഭിക്കാത്തതും ദിനകരന് തിരിച്ചടിയായി.