ഭൂമി വിവാദത്തില്‍പ്പെട്ട എറണാകുളം-അങ്കമാലി അതിരൂപത കടം വീട്ടാനായി 11 ഏക്കര്‍ ഭൂമി വിറ്റതായി വെളിപ്പെടുത്തല്‍. കാക്കനാട് വിജോ ഭവന് സമീപത്തുള്ള 11 ഏക്കര്‍ സ്ഥലമാണ് സെന്റിന് 6.60 ലക്ഷം രൂപയ്ക്ക് വിറ്റത്. ഈയിനത്തില്‍ സഭയ്ക്ക് 75 കോടിയോളം രൂപ ലഭിച്ചതായും ആ തുക 75 കോടിയോളം വരുന്ന കടം വീട്ടാന്‍ ഉപയോഗിച്ചതായും അധികൃതര്‍ പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും വൈദിക സമിതിയുടെയും അനുമതിയോടെയാണ് ഇത്തവണ ഭൂമി വില്‍പ്പന നടത്തിയത്. നിലവില്‍ 95 കോടി രൂപയുടെ കടമാണ് അതിരൂപതയുടെ സാമ്പത്തിക ബാധ്യത. ഇതില്‍ 75 കോടിയോളം രൂപ ബാങ്കില്‍ അടച്ചു. വന്‍തോതില്‍ പലിശ കൊടുത്തിരുന്ന ലോണുകള്‍ ഒരു പരിധിവരെ തീര്‍ന്നതായി അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ അറിയിച്ചു.
2016ല്‍ നടത്തിയ ഭൂമി വില്‍പ്പനയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയയെയും എറണാകുളം-അങ്കമാലി അതിരൂപതയെയും കടക്കെണിയിലേക്കും വിവാദങ്ങളിലേക്കും കൊണ്ടു ചെന്നെത്തിച്ചത്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭൂമി വിറ്റിട്ടും വാങ്ങിയ ആളില്‍ നിന്നും മുഴുവന്‍ തുകയും ലഭിക്കാതെ വന്നതാണ് അതിരൂപതയെ വലച്ചത്. അതോടെ വൈദിക സഭയുടെ അനുമതിയില്ലാതെയാണ് വില്‍പ്പന നടന്നതെന്ന ആരോപണവുമായി വൈദികര്‍ തന്നെ രംഗത്തെത്തി. ഇതിനിടെ സഭയുടെ ചരിത്രത്തില്‍ ആദ്യമായി കര്‍ദിനാളിനെതിരെ വൈദികര്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്തുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി.
ഒരു വിഭാഗം വൈദികര്‍ മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തിനെ നിയമിച്ചു. ഇതിനിടെ രൂപതയുടെ കടം 95 കോടിയോളമായി ഉയര്‍ന്നു. പ്രതിമാസം 80 ലക്ഷം രൂപയാണ് അതിരൂപത ലോണുകള്‍ക്ക് മാത്രമായി അടച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ട മാര്‍ ജേക്കബ് മാനത്തോടത്ത് വീണ്ടും ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്.
മാര്‍പ്പാപ്പയുടെ അനുമതിയോടെയായിരുന്നു ഭൂമി വില്‍ക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായത്. ഒക്ടോബറില്‍ ഇതിന്റെ നടപടികളെല്ലാം പൂര്‍ത്തിയായെങ്കിലും എറണാകുളം സ്വദേശി ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ ഭൂമി വില്‍പ്പന വൈകുകയും ചെയ്തു. അടുത്തിടെ കോടതിയില്‍ നിന്നുള്ള സ്‌റ്റേ ഉത്തരവ് നീക്കിയതോടെ ഭൂമി വില്‍പ്പന നീക്കങ്ങള്‍ രൂപത അധികൃതര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
Leave a Comment