X

ഇന്നാണ് നന്ദിഗ്രാം വെടിവയ്പ്പിന്റെ വാര്‍ഷികം, മാര്‍ക്‌സിന്റെ ചരമദിനവും: വയല്‍ക്കിളികള്‍ ജീവന്മരണ പോരാട്ടത്തിലേക്ക്‌

കീഴാറ്റൂരില്‍ കര്‍ഷകരുടെ ആത്മഹത്യാ സമരം സ്ത്രീകളുള്‍പ്പെടെ ഡീസല്‍ നിറച്ച കുപ്പികളുമായി നില്‍ക്കുന്നു

കണ്ണൂര്‍ കീഴാറ്റൂരില്‍ നടക്കുന്ന കര്‍ഷക സമരം ശക്തമാകുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയാണ് വയല്‍ക്കിളികള്‍ എന്നറിയപ്പെടുന്ന കര്‍ഷകര്‍ ഇന്ന് സമര ഭൂമിയില്‍ തടിച്ചു കൂടിയിരിക്കുന്നത്. രണ്ട് പേര്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണിയുമായി നില്‍ക്കുകയാണ്. സമരഭൂമിക്ക് സമീപം തന്നെ വൈക്കോല്‍ കൂനയ്ക്ക് തീയിട്ട് അതിന് സമീപമാണ് ഇവര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പിന്തുണയര്‍പ്പിച്ച് ഒരാള്‍ മണ്ണെണ്ണ കുപ്പിയുമായി നിലയിറുപ്പിച്ചിരിക്കുകയാണ്. സുരേഷ് കീഴാറ്റൂര്‍, സുകുമാരന്‍ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നില്‍ക്കുന്നത്.

കീഴാറ്റൂര്‍ സമര നായികയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്പ്രാടത്ത് ജാനകിയാണ് മണ്ണെണ്ണ കുപ്പിയുമായി നില്‍ക്കുന്നത്. ജാനകിയും സുരേഷും നേരത്തെ 21 ദിവസം നിരാഹാര സമരം നടത്തിയിരുന്നു. സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ഈ ഘട്ടത്തില്‍ പോലും അദ്ദേഹം സിപിഎമ്മിനെ തള്ളിപ്പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. “വയലോരത്തെ ചെങ്കൊടിയാണേ ബൈപ്പാസ് വരാന്‍ അനുവദിക്കില്ലെ”ന്നാണ് വയല്‍ക്കിളികള്‍ മുഴക്കുന്ന മുദ്രാവാക്യമെന്നതും ശ്രദ്ധേയമാണ്. സിപിഎമ്മിനോ സര്‍ക്കാരിനോ എതിരല്ല പകരം നെല്‍വയല്‍ നികത്തി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ബൈപ്പാസിനെതിരെയാണ് ഇവരുടെ സമരമെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. 56 കുടുംബങ്ങള്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്, നാല് കുടുംബങ്ങള്‍ മാത്രമാണ് സമര രംഗത്തുള്ളത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. കൂടാതെ സമരം ഒത്തുതീര്‍പ്പാക്കിയെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വൃദ്ധരും കുട്ടികളുമുള്‍പ്പെടെ അമ്പതിലേറെ പേരാണ് കീഴാറ്റൂരിലെ സമര ഭൂമിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. സംഭവസ്ഥലത്ത് പോലീസ് എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും കത്തിച്ചു നിര്‍ത്തിയിരിക്കുന്ന വൈക്കോല്‍ കൂനയ്ക്ക് സമീപമാണ് രണ്ട് കര്‍ഷകര്‍ ദേഹത്ത് ഡീസല്‍ ഒഴിച്ച് നില്‍ക്കുന്നത് എന്നതിനാല്‍ പോലീസിന് പ്രകോപനപരമായ ഇടപെടല്‍ നടത്താനാകില്ല.

രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക സമരം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നടന്നപ്പോള്‍ അത് വിജയിപ്പിക്കാന്‍ മുന്‍കൈയെടുത്ത സിപിഎം ഭരിക്കുന്ന കേരളത്തിലാണ് ഈ സമരം നടക്കുന്നതെന്നതാണ് ശ്രദ്ധേയം.  നന്ദിഗ്രാമില്‍ വെടിവയ്പ്പ് നടന്നതിന്റെ വാര്‍ഷികമാണ് ഇന്ന്. നന്ദിഗ്രാം വെടിവയ്പ്പാണ് പശ്ചിമബംഗാളില്‍ പതിറ്റാണ്ടുകള്‍ നീണ്ട സിപിഎം ഭരണത്തിന് തിരശീല വീണത്. കൂടാതെ കാര്‍ള്‍ മാര്‍ക്‌സിന്റെ ചരമദിനത്തിലാണ് ഈ സമരം ഇത്തരത്തില്‍ രൂക്ഷമായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം വയല്‍ക്കിളികള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണമുയര്‍ന്നത്. കൂടാതെ നമ്പ്രാടത്ത് ജാനകിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഭീഷണിയുമുയര്‍ന്നു. നാല് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സമരം ചെയ്യുന്നതെന്നും ആരും സമരത്തിനെത്തേണ്ട കാര്യമില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇന്ന് ഇവിടെ തടിച്ചു കൂടിയിരിക്കുന്ന അമ്പതിലേറെ പേരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ബിജെപി കീഴാറ്റൂരിലെ കര്‍ഷകരെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സിപിഎം ഗ്രാമമായ കീഴാറ്റൂരില്‍ കര്‍ഷകരുടെ ചരമക്കുറിപ്പെഴുതാന്‍ സിപിഎമ്മിനെ അനുവദിക്കില്ലെന്ന് കീഴാറ്റൂര്‍ സുരേഷ് പി ജയരാജന് മറുപടിയും നല്‍കിയിരുന്നു.

ബൈപ്പാസ് നിര്‍മ്മാണത്തിനായി കീഴാറ്റൂര്‍-കൂവോട് നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെതിരെയാണ് വയല്‍ക്കിളികളുടെ സമരം. ഇരുന്നൂറ്റി അമ്പതോളം ഏക്കര്‍ വയല്‍ പൂര്‍ണമായും ഏറ്റെടുത്ത് നികത്താനാണ് സര്‍ക്കാരിന്റെ നീക്കം. സിപിഎം പ്രവര്‍ത്തകരില്‍ ചിലരുടെ നേതൃത്വത്തിലാണ് വയല്‍ക്കിളികള്‍ എന്ന സംഘടന രൂപീകരിച്ച് വയല്‍ സംരക്ഷണത്തിന് ഇറങ്ങിയതെങ്കിലും ഇവരെ പിന്നീട് സിപിഎം പുറത്താക്കിയിരുന്നു. വയല്‍ ഏറ്റെടുക്കാതെ തന്നെ ബൈപ്പാസ് നിര്‍മ്മിക്കാമെന്നാണ് വയല്‍ക്കിളികള്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐയുടെയും യുവമോര്‍്ച്ചയുടെയും പിന്തുണ ഇവര്‍ക്കാണ്. എന്നാല്‍ ഇതിനിടെയാണ് സമരക്കാര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായത്. അതേസമയം സമരത്തിന്റെ രൂപം മാറിയതോടെ കളക്ടര്‍ നാളെ ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. എന്നാല്‍ കളക്ടറെ കാണാനില്ലെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരെ ഇവിടെ നിന്നും പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നുമാണ് വയല്‍ക്കിളികളുടെ നിലപാട്.

വയൽക്കിളി പ്രവര്‍ത്തകരെ കൊലപ്പെടുത്തി സിപിഎമ്മിന്റെ തലയിലിടാന്‍ ആർഎസ്എസ് ശ്രമമെന്ന് പി ജയരാജന്‍

ടി പി ക്ക്‌ പിന്നാലെ വയല്‍കിളികളും; സിപിഎമ്മില്‍ കുലംകുത്തികള്‍ പെരുകുന്നു

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

എതിര്‍ ശബ്ദങ്ങളോട് ലാത്തി കൊണ്ട് സംസാരിക്കുന്ന ദീദിക്ക് നന്ദിഗ്രാം ഓര്‍മയുണ്ടോ?

വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മ്മാണം; കണ്ണൂര്‍ കീഴാറ്റൂരില്‍ സിപിഎം ഭീഷണിക്ക് വഴങ്ങാതെ വയൽക്കിളികള്‍ വീണ്ടും സമരത്തിന്

This post was last modified on March 14, 2018 12:10 pm