X

ഉറ്റവരെ തേടി മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്

നാവിക സേനയും കോസ്റ്റ്ഗാര്‍ഡും നടത്തിയ രക്ഷാപ്രവര്‍ത്തനം രണ്ട് ദിവസം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ നേരിട്ടിറങ്ങിയിരിക്കുന്നത്

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ഇനിയും മടങ്ങിവരാത്തവരെ തിരയാന്‍ ഒടുവില്‍ ജനങ്ങള്‍ നേരിട്ടിറങ്ങുന്നു. തിരുവനന്തപുരം പൂന്തുറയില്‍ നിന്നും 40 വള്ളങ്ങളും വിഴിഞ്ഞത്തു നിന്നും 15 വള്ളങ്ങളുമാണ് പുറപ്പെട്ടിരിക്കുന്നത്. നൂറിലേറെ മത്സ്യത്തൊഴാലാളികളാണ് തിരച്ചിലിന് ഇറങ്ങിയിരിക്കുന്നത്.

നാവിക സേനയും കോസ്റ്റ്ഗാര്‍ഡും നടത്തിയ രക്ഷാപ്രവര്‍ത്തനം രണ്ട് ദിവസം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ നേരിട്ടിറങ്ങിയിരിക്കുന്നത്. തിരച്ചിലിന് ആവശ്യമായ ഭക്ഷണം, വെള്ളം എന്നിവയ്ക്ക് പുറമെ വയര്‍ലെസ് സംവിധാനങ്ങളും വള്ളത്തില്‍ ഒരുക്കിയിട്ടുണ്ട്. കഴിയുന്നത്ര ദൂരം വരെ തിരച്ചില്‍ നടത്താനാണ് തീരുമാനം. ഇതിനിടയില്‍ പൂന്തുറയില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ കൂടി മൃതദേഹം കരയ്‌ക്കെത്തിച്ചു.

തിരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഓഖി ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് മിനിക്കോയുടെ മുകളില്‍ നിന്നും കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കാറ്റിന്റെ വേഗത 180 കിലോമീറ്റര്‍ വരെ ആകാനിടയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഇന്നലെ രാത്രിയില്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ കനത്ത കടലാക്രമണം അനുഭവപ്പെട്ടിരുന്നു. പലയിടങ്ങളിലും കൂറ്റന്‍ തിരകളാണ് കരയിലേക്ക് അടിച്ചു കയറിയത്. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ദുരന്തത്തില്‍ കേരളത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി.

ആ 59 പേരെ പൂന്തുറ കാത്തിരിക്കുന്നു; കടലമ്മ കനിയുന്നതും കാത്ത്

 

This post was last modified on December 4, 2017 12:02 pm