X

രാജിവച്ച നടിമാര്‍ കുഴപ്പക്കാര്‍; വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് പ്രസക്തിയില്ല: ഗണേഷ് കുമാര്‍

വിഎസ് അച്യുതാനന്ദന്‍, വിഎം സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മന്ത്രിമാരായ ജി സുധാകരന്‍, തോമസ് ഐസക് തുടങ്ങിയവരാണ് അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്

രാജിവച്ച നടിമാര്‍ കുഴപ്പക്കാരാണെന്നും അമ്മയ്‌ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന രാഷ്ട്രീയക്കാര്‍ രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലാത്തവരാണെന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. എഎംഎംഎ ജനറല്‍ സെക്രട്ടറിയ്ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് ഗണേഷ് ഇങ്ങനെ പറയുന്നത്. ശബ്ദസന്ദേശം പുറത്തുവന്നതോടെ ഗണേഷ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ തന്റെ ജനറല്‍ സെക്രട്ടറിയ്ക്ക് അയച്ച സന്ദേശം മാത്രമാണ് അതെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. ജനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കാന്‍ അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും സിനിമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനുള്ള സംഘടനയാണെന്നും ഗണേഷ് പറയുന്നു.

വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഞെട്ടരുത്. രാജിവച്ച നാലുപേര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും എപ്പോഴും കുഴപ്പങ്ങളുണ്ടാക്കുന്നവരുമാണ്. അമ്മ നടത്തിയ മെഗാഷോയിലും അവര്‍ പങ്കെടുത്തില്ല. സിനിമയിലോ സംഘടനയിലോ ഇവര്‍ സജീവമല്ല. രാഷ്ട്രീയക്കാര്‍ അമ്മയ്‌ക്കെതിരെ വിമര്‍ശനം നടത്തുന്നത് കയ്യടി വാങ്ങാനാണ്. ഒരു പണിയുമില്ലാത്ത രാഷ്ട്രീയക്കാരാണ് വിമര്‍ശിക്കുന്നത്. ഇവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയില്ല.

ഇപ്പോള്‍ അമ്മയ്‌ക്കെതിരെ വരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും. ചാനലുകളും പത്രങ്ങളും ആരെയെങ്കിലും നശിപ്പിക്കാന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തും. അവരുടെ ജോലി നെഗറ്റീവ് വിതരണമാണെന്നും ഗണേഷ് ആരോപിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് തങ്ങളുടെ പേര് പത്രത്തിലും ചാനലിലും വരാന്‍ വേണ്ടി ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഗണേഷ് ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ക്കൊന്നും നമ്മളാരും മറുപടി നല്‍കേണ്ടതില്ലെന്നും ഗണേഷ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നാല് നടിമാര്‍ രാജിവച്ചത്. വിഎസ് അച്യുതാനന്ദന്‍, വിഎം സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മന്ത്രിമാരായ ജി സുധാകരന്‍, തോമസ് ഐസക് തുടങ്ങിയവരാണ് അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.