X

ലൈംഗിക ചൂഷണം; ജെഎന്‍യു പ്രൊഫസര്‍ക്കെതിരേ വിദ്യാര്‍ത്ഥിനികള്‍

സ്ഥിരമായി ഹാജര്‍ മുടക്കുന്നത് ചോദ്യം ചെയ്തതിന്റെ പക തീര്‍ക്കുകയാണ് വിദ്യാര്‍ത്ഥികളെന്നു പ്രൊഫസര്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശലയിലെ സ്‌കൂള്‍ ഓഫ് ലൈഫ് സൈന്‍സ്(എസ്എല്‍എസ്) വിഭാഗം പ്രൊഫസര്‍ക്കെതിരേ ലൈംഗികാരോപണങ്ങളുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍. കാമ്പസില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രൊഫസര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. തങ്ങള്‍ക്കുനേരെ ലൈംഗികചൂഷണ ശ്രമം നടത്തുന്നതു കൂടാതെ സാമ്പത്തിക തട്ടിപ്പും ഇദ്ദേഹം നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്നാല്‍ സ്ഥിരമായി ഹാജര്‍ മുടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയതിന്റെ വൈരാഗ്യമാണ് തനിക്കെതിരേയുള്ള ആരോപണമെന്ന് പ്രസ്തുത പ്രൊഫസര്‍ പിടിഐയോടു പ്രതികരിച്ചു.

എസ്എല്‍എസിലെ വിദ്യാര്‍ത്ഥികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്, പ്രൊഫസര്‍ പരസ്യമായി തന്നെ തങ്ങളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നാണ്. ലൈംഗിക ചുവയോടെ വിദ്യാര്‍ത്ഥിനികളെ ആക്ഷേപിക്കലും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതായും പരാതി. എതിര്‍ത്തു നില്‍ക്കുന്നവരോട് പകയോടെ പെരുമാറുകയാണ് ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

സര്‍വകലാശാല അഡ്മിനിസ്‌ട്രേഷനും ഈ പ്രൊഫസറും കൂടിചേര്‍ന്ന് സാമ്പത്തിക തിരിമറി നടത്തുന്നുണ്ടെന്നാണ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ ആരോപണം. വര്‍ഷങ്ങളായി ലാബിലേക്ക് ആവശ്യമായ യാതൊരു സാമഗ്രികളും വാങ്ങുന്നില്ലെന്നിരിക്കെ തന്നെ ഇതിന്റെ പേരില്‍ കോടികള്‍ ചെലവിട്ടെന്നാണ് ഇവര്‍ പറയുന്നതെന്നും വിദ്യാര്‍ത്ഥി ചൂണ്ടിക്കാണിക്കുന്നു.

കാമ്പസില്‍ നിന്നും കാണാതാവുകയും പിന്നീട് ബന്ധുവീട്ടില്‍ ഉണ്ടെന്നും കണ്ടെത്തുകയും ചെയ്ത ഒരു വിദ്യാര്‍ത്ഥിനി ഈ പ്രൊഫസര്‍ക്ക് അയച്ച ഇമെയില്‍ പറഞ്ഞിരിക്കുന്നത്, നിങ്ങള്‍ വ്യക്തിത്വമില്ലാത്ത ഒരു മനുഷ്യനാണെന്നും പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണണെന്നുപോലും അറിയാത്ത ഒരാളെന്നും താങ്കളുടെ ലാബില്‍ വരാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ലെന്നുമാണെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നുവെന്നാണ് പ്രൊഫസര്‍ പിടിഐയോട് പറയുന്നത്. ലാബില്‍ സ്ഥിരമായി വരാതിരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഫെബ്രുവരി 27 ന് ഞാനൊരു ഈമെയില്‍ അയച്ചിരുന്നു. ഇതിന്റെ പേരിലാണ് ആ കുട്ടികള്‍ ഇപ്പോള്‍ തന്നെ ഇരയാക്കുന്നതെന്ന് പ്രൊഫസര്‍ പറയുന്നു. താന്‍ അയച്ചതായി പറഞ്ഞ ഈമെയിലിന്റെ കോപ്പി പ്രൊഫസര്‍ പിടിഐക്ക് കൈമാറിയിട്ടുണ്ട്. നിങ്ങള്‍ ലാബില്‍ സമയത്ത് വരുന്നില്ലെന്നും വന്നാല്‍ തന്നെ മുഴുവന്‍ സമയം അവിടെ ചെലവഴിക്കുന്നില്ലെന്നുമാണ് മനസിലാക്കുന്നതെന്നും ഇങ്ങനെ പോയാല്‍ നിങ്ങളുടെ ഗവേഷണം പൂര്‍ത്തിയാക്കുന്ന കാര്യം സംശയത്തിലാകുമെന്നുമാണ് പ്രൊഫസര്‍ അയച്ചതായി പറയുന്ന മെയിലില്‍ പറയുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അതേസമയം പ്രൊഫസര്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് തങ്ങളെന്നു വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചു.