ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു. ദൈനിക് ജാഗരണ്‍ ആഷിഷ് ജന്‍വാനിയാണ് കൊല്ലപ്പെട്ടത്. സൊഹറന്പൂരിലെ വീട്ടില്‍ക്കയറിയാണ് ഇരുവരെയും വെടിവച്ചത്.
സംഭവത്തിന് ശേഷം അക്രമികള്‍ ഓടിരക്ഷപ്പെട്ടു. മാലിന്യവും കന്നുകാലികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അയല്‍വാസികളാണ് കത്വാളി പോലീസിനെ വിവരം അറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. സഹാറന്‍പുരിലെ മാധവ് നഗറില്‍ ഞായറാഴ്ച പകലാണ് സംഭവം. ആയുധങ്ങളടങ്ങിയ മൂന്നു പേരടങ്ങിയ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ആഷിഷിന്റെ വീട്ടുപരിസരത്ത് വന്‍ സുരക്ഷയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.