X

ഇരട്ടക്കൊല: പിടിയിലായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

ഒളിവിലായിരുന്ന പീതാംബരനെ ഇന്നലെയാണ് പോലീസ് പിടികൂടിയത്

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ആസൂത്രണം ചെയ്ത ലോക്കല്‍ കമ്മിറ്റി അംഗം കെ പീതാംബരനെ സിപിഎം പുറത്താക്കി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഒളിവിലായിരുന്ന പീതാംബരനെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

ഇരട്ടക്കൊലപാതകത്തില്‍ പീതാംബരന് പങ്കുണ്ടെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും സമ്മതിച്ചിരുന്നു. പീതാംബരന്റെയും കൂട്ടരുടെയും പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാകില്ല. സംഭവത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.

കസ്റ്റഡിയിലുള്ളവര്‍ക്ക് കൊല്ലപ്പെട്ടവരുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പറഞ്ഞത്. കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാര്‍ട്ടി സമാന്തര അന്വേഷണം നടത്തുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു കോടിയേരിയുടെ പ്രസ്താവന. കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാസര്‍ഗോഡുണ്ടായത്. അതുകൊണ്ടാണ് പാര്‍ട്ടി ഇരട്ടക്കൊലയെ തള്ളിപ്പറഞ്ഞതും നടപടി ഉറപ്പുനല്‍കിയതുമെന്ന് കോടിയേരി പറഞ്ഞു.

This post was last modified on February 19, 2019 1:20 pm