X

കുത്തിയോട്ട നേര്‍ച്ച ഭക്തിസാന്ദ്രമായി തന്നെ നടക്കും: ശ്രീലേഖയെ തള്ളി കടകംപള്ളി

കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ഈ ആചാരം വിലക്കണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്‌

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ട നേര്‍ച്ച വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കുത്തിയോട്ട നേര്‍ച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലാനുസൃതമായ മാറ്റം ആവശ്യമാണെങ്കില്‍ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കുത്തിയോട്ടത്തില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഈ ആചാരം വിലക്കണമെന്നും ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസ് രംഗത്തെത്തിയിരുന്നു. കുത്തിയോട്ടത്തിനെതിരെ നിയമപരമായി നടപടിയെടുക്കാവുന്നതാണെന്നാണ് ശ്രീലേഖ പറഞ്ഞത്. ഇതിനെ തള്ളിയാണ് മന്ത്രിയുടെ പ്രതികരണം.

ആറ്റുകാല്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ അഞ്ച് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികളെ ഉപയോഗിച്ച് പതിറ്റാണ്ടുകളായി നടന്നു വരുന്ന ആചാരാമാണ് കുത്തിയോട്ടം. തന്റെ ബ്ലോഗിലൂടെയാണ് ശ്രീലേഖ ഇതിനെ തുറന്ന് എതിര്‍ത്തത്. കുട്ടികളുടെ അനുമതിയില്ലാതെയാണ് ഭൂരിഭാഗം മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും കുട്ടികളെ പങ്കെടുപ്പിക്കുന്നത്. അഞ്ച് ദിവസം വീട്ടില്‍ പോകാതെ അച്ഛനെയും അമ്മയെയും കാണാതെ കഴിയുന്ന ദിവസങ്ങള്‍ ഈ കുട്ടികളുടെ തടവറയാണെന്നാണ് ജയില്‍ മേധാവി പറയുന്നത്.

കുട്ടികളുടെ ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്ന ഈ ആചാരത്തിനെതിരെ വിവിധ നിയമങ്ങള്‍ പ്രകാരം കേസെടുക്കാവുന്നതാണ്. പക്ഷെ വിശ്വാസത്തെ പേടിച്ച് ആരും പരാതി പറയാന്‍ തയ്യാറാകുന്നില്ല. ഇത്തവണയെങ്കിലും കുത്തിയോട്ടം ഒഴിവാക്കണമെന്നും പത്ത് വയസ്സ് മുതല്‍ പൊങ്കാലയിടാറുള്ള താന്‍ കുത്തിയോട്ടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇത്തവണ ഒഴിവാക്കുകയാണെന്നും അവര്‍ ലേഖനത്തില്‍ കുറിച്ചു. ഡിജിപിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ് രംഗത്തെത്തിയിരുന്നു.

കുട്ടികളെ നോവിക്കുമ്പോള്‍ ഏത് ഭഗവതിയാണ് സന്തോഷിക്കുക? കുത്തിയോട്ട വിവാദ നിഴലില്‍ ആറ്റുകാല്‍ പൊങ്കാല

This post was last modified on March 2, 2018 11:34 am