X

കമലിനെ കാണാന്‍ കെജ്രിവാള്‍ എത്തി; സ്വീകരിക്കാന്‍ അക്ഷരയും

കമല്‍-കെജ്രിവാള്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

ഈ മാസം അവസാനത്തോടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന കമലഹാസനെ കാണാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ കെജ്രിവാളിനെ സ്വീകരിക്കാന്‍ കമല്‍ ഹാസന്റെ ഇളയ മകള്‍ അക്ഷര ഹാസനാണ് എത്തിയത്. വിമാനത്താവളത്തില്‍ നിന്നും കമലിന്റെ വീട്ടിലേക്കാണ് കെജ്രിവാള്‍ നേരിട്ട് എത്തിയത്. ഉച്ചഭക്ഷണം ഇവിടെ നിന്നാണ്.

കൂടിക്കാഴ്ച രാഷ്ട്രീയ സ്വഭാവമുള്ളതായിരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കമലഹാസന്‍ കഴിഞ്ഞ മാസം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിലവില്‍ രാജ്യത്തെ രാഷ്ട്രീയം ഒരു നിര്‍ണായകസന്ധിയിലാണെന്ന് എഎപിയുടെ ഒരു മുതിര്‍ന്ന നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ പിളര്‍ത്തനോ ഭയപ്പെടുത്താനോ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതോടൊപ്പം പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനും ശ്രമിക്കുന്നുവെന്ന് എഎപി നേതാവ് വ്യക്തമാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സാമുദായിക ശക്തികള്‍ക്കെതിരാണ് തന്റെ നിലപാടെന്ന് കമലഹാസന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. സമാന അഭിപ്രായമുള്ള രണ്ട് വ്യക്തികളെന്ന നിലയിലാണ് കുടിക്കാഴ്ചയെന്നും അദ്ദേഹം വിശദീകരിച്ചു.

നവംബര്‍ അവസാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന തമിഴ്‌നാട്ടിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഈ മാസം അവസാനം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ കമലഹാസന്‍ ഒരുങ്ങുന്നത്. എക്കാലവും തമിഴ് രാഷ്ട്രീയത്തില്‍ സിനിമ താരങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ട്. തമിഴ്‌നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയ അസ്ഥിരാവസ്ഥ മുതലെടുക്കുക എന്ന ലക്ഷ്യവും കമലഹാസനുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിപക്ഷമായ ഡിഎംകെയുടെ ഒരു പരിപാടിയില്‍ കമല്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ കെജ്രിവാളിന്റെ സന്ദര്‍ശനത്തിന് മറ്റ് ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ദേശീയതലത്തില്‍ പ്രതിപക്ഷത്തിന് ഇപ്പോള്‍ ശക്തമായ നേതൃത്വത്തിന്റെ അഭാവം പ്രകടമാണ്. ഈ ശൂന്യതയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ദേശവ്യാപക പിന്തുണ നേടിയെടുക്കുക എന്ന ലക്ഷ്യം കൂടി അദ്ദേഹത്തിനുണ്ട്.

 

This post was last modified on September 21, 2017 2:44 pm