X

അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍: മൂന്നാം ക്ലാസുകാരി മരിച്ചു

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണാണ് കുട്ടി മരിച്ചത്

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് അട്ടപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു മരണം. മൂന്നാം ക്ലാസുകാരിയായ ആതിരയാണ് മരിച്ചത്. അട്ടപ്പാടി ആനക്കല്ലിലാണ് ഉരുള്‍ പൊട്ടലുണ്ടായത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണാണ് കുട്ടി മരിച്ചത്. കക്കൂസിനായി എടുത്ത കുഴിയില്‍ കുട്ടി വീഴുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിങ്ങവനത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് റെയില്‍വേ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ റെയില്‍വേ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച ഇടിയോടു കൂടിയ മഴ സംസ്ഥാനത്ത് പലയിടത്തും ഇന്നും തുടരുകയാണ്. മലയോര-തീരദേശ മേഖലകളിലേക്ക് പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തുലാവര്‍ഷത്തിന് ലഭിക്കുന്ന മഴയാണ് ഇപ്പോള്‍ കേരളത്തില്‍ പെയ്യുന്നത്. എന്നാല്‍ ഇത് തുലാവര്‍ഷത്തിന്റെ തുടക്കമല്ലെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. അതിന് ഒക്ടോബര്‍ പകുതി വരെ കാത്തിരിക്കണമെന്നും പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ മേഘ സാന്നിധ്യമുണ്ട്. അറബിക്കടലിലും വന്‍തോതില്‍ മഴമേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. രാജ്യമെമ്പാടും അടുത്തയാഴ്ചയോടെ മണ്‍സൂണ്‍ ഒരിക്കല്‍ കൂടി ശക്തമാകും. 19ന് രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കനത്ത മഴയുണ്ടാകും.

തളിപ്പറമ്പ്, വൈത്തിരി, ഹോസ്ദുര്‍ഗ്, കുഡ്‌ലു, തലശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂര്‍, കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്തു. മറ്റ് കേന്ദ്രങ്ങളില്‍ ഒന്നു മുതല്‍ രണ്ട് സെന്റി മീറ്റര്‍ വരെ മഴ പെയ്‌തെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടുക്കി അണക്കെട്ട് പാതി നിറഞ്ഞു. താമരശേരി, കുറ്റ്യാടി ഭാഗങ്ങളില്‍ വീടുകള്‍ തകര്‍ന്നു.

മധ്യകേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തില്‍ കനത്ത ബ്ലോക്കാണ് അനുഭവപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് വരെ ഈ സീസണില്‍ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയില്‍ 30 ശതമാനം വരെ കുറവുണ്ടായിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ മഴ കൊണ്ട് മാത്രം ഇത് 16 ശതമാനമായി.

This post was last modified on September 17, 2017 11:46 am