X

എല്‍ഡിഎഫ് തോമസ് ചാണ്ടിയെ കൈവിട്ടു; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

മുന്നണി തീരുമാനം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യം ചര്‍ച്ച ചെയ്ത എല്‍ഡിഎഫ് പൂര്‍ണമായും മന്ത്രിയെ കൈവിട്ടു. അതേസമയം തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടാണ് യോഗം അവസാനിച്ചത്. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന പൊതുവികാരമാണ് മുന്നണി യോഗത്തില്‍ ഉയര്‍ന്നുവന്നത്. യോഗത്തില്‍ എന്‍സിപി ഒറ്റപ്പെടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

തോമസ് ചാണ്ടിയുടെ രാജി വേണമെന്ന നിലപാടില്‍ സിപിഐയും ജനതാദള്‍(എസ്)ഉം ഉറച്ചുനിന്നു. രാജിയില്ലാതെ വേറെ വഴിയില്ലെന്നും രാജിവച്ച് പോകുന്നതാണ് മര്യാദയെന്നും എന്‍സിപിയോട് നേതാക്കള്‍ വ്യക്തമാക്കി. കളക്ടര്‍ക്കെതിരെ മന്ത്രി കോടതിയില്‍ പോയത് ശരിയായില്ലെന്നാണ് ജെഡിഎസ് പറഞ്ഞത്. രാജിവച്ചില്ലെങ്കില്‍ അത് പരസ്യമായി ആവശ്യപ്പെടുമെന്നാണ് സിപിഐ പറഞ്ഞിരിക്കുന്നത്. ഹൈക്കോടതിയിലെ കേസുകളില്‍ തീരുമാനം വന്ന ശേഷം മാത്രം നടപടിയെന്ന നിലപാടില്‍ എന്‍സിപി ഉറച്ചു നിന്നതോടെയാണ് ഇത്. ഇതോടെ രാജി അനിവാര്യമാണെന്ന അവസ്ഥയിലാണ് തോമസ് ചാണ്ടിയും എന്‍സിപിയും. യോഗത്തിലെ ചര്‍ച്ചകള്‍ തൃപ്തികരമാണെന്ന് പുറത്തിറങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. രാജിയിലേക്ക് എത്തുമെന്നായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം. എല്‍ഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും തങ്ങളും കൂടിച്ചേര്‍ന്ന് എടുത്ത തീരുമാനമായതിനാല്‍ അതില്‍ എതിര്‍പ്പിന്റെ ആവശ്യം ഉണ്ടാകുന്നില്ലെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും പിന്നീട് വെളിപ്പെടുത്തി.

അതേസമയം മുന്നണി തീരുമാനം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം എത്രയും വേഗം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തീരുമാനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് മാത്രമാണ് തോമസ് ചാണ്ടി പറഞ്ഞിരിക്കുന്നത്.

അതേസമയം എന്‍സിപി ആവശ്യപ്പെടുന്നത് പ്രകാരം ഹൈക്കോടതി തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്ന എന്‍സിപിയുടെ ആവശ്യം മുഖ്യമന്ത്രിക്ക് അംഗീകരിക്കാനാകാത്ത അവസ്ഥയാണ് ഉള്ളത്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും ഹൈക്കോടതി ഈ കേസില്‍ സര്‍ക്കാരിന് നേരെ നടത്തിയ വിമര്‍ശനവും കണക്കിലെടുക്കുമ്പോള്‍ ഇനി ഒരിക്കല്‍ കൂടി സര്‍ക്കാരിനെതിരെ കോടതി പരാമര്‍ശമുണ്ടായാല്‍ അത് പിണറായി സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കും. തീരുമാനമെടുക്കാനുള്ള അധികാരമ മുന്നണി യോഗം മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുകയും ചെയ്തതോടെ എത്രയും വേഗം രാജി ആവശ്യപ്പെട്ട് പ്രശ്‌നം ഒതുക്കാനാകും അദ്ദേഹവും ശ്രമിക്കുക.