X

ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊള്ളും; യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ലെന്നും പി ജയരാജന്‍

തന്നെ വളര്‍ത്തിയ പാര്‍ട്ടിയ്ക്ക് തന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്

തനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ ഉള്‍ക്കൊള്ളേണ്ടവയെ ഉള്‍ക്കൊള്ളുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ താന്‍ ഇറങ്ങിപ്പോയെന്ന മാധ്യമ പ്രചരണം ശരിയല്ലെന്നും ജയരാജന്‍ അറിയിച്ചു. മാധ്യമങ്ങളില്‍ ഇത്തരത്തില്‍ വാര്‍ത്ത വന്നതിനാലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ വളര്‍ത്തിയ പാര്‍ട്ടിയ്ക്ക് തന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്. ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകരും വിമര്‍ശന വിധേയരാണ് എന്നതാണ് സിപിഎം എന്ന പാര്‍ട്ടിയുടെ സവിശേഷതയെന്നും സിപിഎം പ്രവര്‍ത്തകര്‍ വിമര്‍ശിക്കുക മാത്രമല്ല, വിമര്‍ശന വിധേരാകുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സംസ്ഥാന സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയെന്ന തെറ്റായ വാര്‍ത്തയോട് പ്രതികരിക്കേണ്ട ഉത്തരവാദിത്വം മാത്രമാണ് തനിക്കുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്.

സ്വയം മഹത്വവല്‍ക്കരിക്കാന്‍ ജയരാജന്‍ ശ്രമിക്കുകയാണെന്നും ഇതിനായി ജീവിതരേഖയും പാട്ടുകളും പുറത്തിറക്കിയെന്നുമാണ് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നത്. ഇത് കമ്മ്യൂണിസ്റ്റിന് ചേര്‍ന്ന രീതിയല്ലെന്നും സമിതി ചൂണ്ടിക്കാട്ടി. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനാകാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും ഇക്കാര്യം കണ്ണൂരിലെ പാര്‍ട്ടി ഘടകങ്ങളെയെല്ലാം അറിയിക്കണമെന്നും സംസ്ഥാന സമിതി വിലയിരുത്തി.

അതേസമയം ജീവിതരേഖ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും പാര്‍ട്ടിയുടെ നീക്കം തന്നെ അമ്പരപ്പിച്ചെന്ന് പറഞ്ഞ ജയരാജന്‍ ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കെകെ രാഗേഷ് എംപിയാണ് രേഖകള്‍ തയ്യാറാക്കിയതെന്നും ജയരാജന്‍ വിശദീകരിച്ചിരുന്നു.

This post was last modified on November 13, 2017 1:54 pm