മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള യൂണിവേഴ്‌സിറ്റിയിലെ പദവി രാജിവച്ചു. സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ പദവിയിലായിരുന്നു ജൂബിലി. തന്നെയും ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്താന്‍ അടിസ്ഥാനരഹിതമായ ആരോപണമുയര്‍ത്തുന്നുവെന്നാണ് ജൂബിലി പറഞ്ഞത്. തന്നെ കരുവാക്കി മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
ആത്മാഭിമാനം നഷ്ടമാക്കി മുന്നോട്ട് പോകാന്‍ തയ്യാറല്ല. തന്റെ നിയമനം സ്ഥിരമാക്കി ശമ്പളം കൂട്ടാന്‍ നീക്കമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അത്തരമൊരു നീക്കം കേരള സര്‍വകലാശാല നടത്തുന്നുണ്ടോയെന്ന് അറിയില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മെയ് മാസത്തിലാണ് ജൂബിലിയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് ടീച്ചേഴ്‌സ് എജ്യൂക്കേഷന്റെ മേധാവിയായി നിയമിച്ചത്. താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം അന്നേ വിവാദമായതാണ്. അതേസമയം മന്ത്രി അറിയാതെയാണ് താന്‍ ആ നിയമനത്തിന്റെ പരസ്യം കണ്ട് അപേക്ഷിച്ചതെന്ന് ജൂബിലി പറയുന്നു. റിട്ടയര്‍ ചെയ്തതിന് ശേഷം ഏതെങ്കിലും നിയമനം താല്‍പര്യമുണ്ടായിരുന്നെങ്കില്‍ ചെയ്യാമായിരുന്നു. മകന് കേരളത്തില്‍ ജോലി ചെയ്യാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല വിദേശത്ത് ജോലി ചെയ്യുന്നത്. സത്യസന്ധമായാണ് ഇപ്പോഴും ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ കോഴ്‌സുകളുടെ ഏകോപനമാണ് ഉത്തരവാദിത്വമെങ്കിലും അടിസ്ഥാന യോഗ്യത ബികോമാണ്. വേണ്ട മാര്‍ക്ക് 50 ശതമാനവും. ജൂബിലി നവപ്രഭയ്ക്കുള്ള അതേ ബിരുദവും മാര്‍ക്കും. കോളേജില്‍ വൈസ് പ്രിന്‍സിപ്പലായെങ്കിലും ജോലിചെയ്ത് റിട്ടയര്‍ ചെയ്തവര്‍ തന്നെ വേണമെന്നും നിബന്ധനയുണ്ട്. അതും ജൂബിലിക്കുണ്ട്.
ഒരു തസ്തിക സൃഷ്ടിച്ചപ്പോള്‍ ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് നിയമനതീരുമാനം വന്നപ്പോള്‍ത്തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പക്ഷെ സര്‍വ്വകലാശാലയുടെ സ്വയംഭരണ അവകാശമെന്ന വാദത്തില്‍ തട്ടി പരാതികള്‍ അവസാനിച്ചു.
5 മാസത്തിന് ശേഷം ഈ തസ്തിക സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ ആഴ്ചത്തെ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഇതും മന്ത്രിയുടെ ഭാര്യക്ക് വേണ്ടിയാണെന്നാണ് ആരോപണം. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ജൂബിലി നവപ്രഭ രാജി പ്രഖ്യാപിച്ചത്.
This post was last modified on November 11, 2018 5:50 pm
Leave a Comment