X

മദ്യത്തില്‍ വിഷം കലക്കി മന്ത്രവാദി ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയത് ആളുമാറി

മദ്യത്തില്‍ സയനേഡ് കലക്കിയയാള്‍ പിടിയില്‍

വയനാട് വെള്ളമുണ്ട മൊതകരയ്ക്ക് സമീപം കൊച്ചറ കാവുംകുന്ന് കോളനിയില്‍ മന്ത്രവാദിയായ തികിനായി(75), മകന്‍ പ്രമോദ്(30) മരുമകന്‍ പ്രസാദ് (35) എന്നിവരുടെ കൊലപാതകം ആളുമാറിയാണെന്ന് പോലീസ്. മദ്യത്തില്‍ സയനേഡ് കലക്കിയ മാനന്തവാടി സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു.

തികനായിയെ കൊണ്ട് മന്ത്രവാദം ചെയ്യിക്കാനെത്തിയ സജിത്തിനെ കൊലപ്പെടുത്തുന്നതിനാണ് മദ്യത്തില്‍ സയനേഡ് കലക്കിയത്. എന്നാല്‍ ഇത് അറിയാതെ സജിത്ത് ഈ മദ്യം മന്ത്രവാദിക്ക് നല്‍കുകയായിരുന്നു. സയനേഡ് പോലുള്ള മാരക വിഷമാണ് മദ്യത്തില്‍ കലര്‍ത്തിയതെന്നും ഇത് മനഃപ്പൂര്‍വം ചെയ്തതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. സജിത്തിനോടുള്ള വ്യക്തിവൈരാഗ്യമാണ് മൂന്ന് പേരുടെ മരണത്തില്‍ കലാശിച്ചത്.

സന്തോഷിന്റെ സഹോദരീ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം സജിത്ത് ആണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച ഡയറിക്കുറിപ്പും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സന്തോഷ് സജിത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് വയനാട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരി അറിയിച്ചു.

തികനായിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ച ശേഷം അവശേഷിച്ച മദ്യവുമായി പ്രമോദ് അമ്മ ഭാരതിയുടെ സഹോദരന്റെ മകനായ പ്രസാദിന്റെ വീട്ടിലെത്തി. അവിടെ വച്ച് ബന്ധുവായ ഷാജുവും ഒപ്പം കൂടി. രണ്ട് ഗ്ലാസിലായാണ് മദ്യം ഒഴിച്ചത്. മദ്യം അകത്തു ചെന്നയുടന്‍ ഇതു കഴിക്കരുത് എന്തോ കലര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞ് പ്രമോദ് ഒരു ഗ്ലാസ് തട്ടിക്കളഞ്ഞു. അപ്പോഴേക്കും പ്രവീണ്‍ രണ്ടാമതൊരു ഗ്ലാസ് കൂടി കുടിച്ചിരുന്നു. പ്രമോദ് മദ്യം തട്ടിക്കളഞ്ഞതിനാല്‍ ഷാജു കുടിച്ചില്ല. ഇരുവരും പിടയുന്നത് കണ്ട ഷാജു മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. മൂവരും മദ്യം അകത്തു ചെന്ന് അധികം വൈകാതെ മരിച്ചു. കണ്ണ് തള്ളിയ നിലയിലായതിനാലാണ് സയനേഡ് അകത്തുചെന്നതായി പോലീസിന് സംശയം തോന്നിയത്.

കൊലപാതകത്തിന് കാരണം ശത്രുതയാണെന്ന് ആദ്യം മുതലേ സംശയമുണ്ടായിരുന്നു. മകള്‍ക്ക് ചരടു കെട്ടി കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സജിത്ത് സുഹൃത്തായ സന്തോഷിനൊപ്പം തികനായിയുടെ അടുത്തെത്തിയത്. മദ്യം കൊടുക്കുന്നതും കഴിക്കുന്നതും മന്ത്രവാദത്തിന്റെ ഭാഗമാണ്. പൂജയ്ക്കിടെ മന്ത്രവാദിയും ഭാര്യയും മക്കളും മദ്യം കഴിക്കുന്നതാണ് പതിവ്.

ഒന്നാം തിയതിയും ഗാന്ധി ജയന്തിയും ഒരുമിച്ച് വന്നതിനാലാണ് പട്ടാളക്കാരുടെ ക്വാട്ടയില്‍ എവിടെ നിന്നെങ്കിലും മദ്യം വാങ്ങാന്‍ സജിത്ത് സന്തോഷിനെ ഏല്‍പ്പിച്ചത്. കുറ്റ്യാടിയില്‍ നിന്നാണ് ഇയാള്‍ക്ക് മദ്യം ലഭിച്ചതെന്നും അല്ല കര്‍ണാടകത്തില്‍ നിന്നാണെന്നും വാദം നിലനില്‍ക്കുന്നുണ്ട്. 375 മില്ലി മദ്യമാണ് ഇയാള്‍ നല്‍കിയതെങ്കിലും അടപ്പ് തുറന്നിരുന്നതായി പറയപ്പെടുന്നു. തികിനായിയോട് വ്യക്തിവൈരാഗ്യമുള്ള ആരും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

This post was last modified on October 8, 2018 1:25 pm