X

സീറ്റുപോയി വിഷാദരോഗത്തിലേക്ക് വഴുതിയ തന്നെ രക്ഷിച്ചത് സംഗീതമെന്ന് കെ വി തോമസ്: ‘ഇഷ്ടഗാനം പാമ്പുകള്‍ക്ക് മാളമുണ്ട്’

ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും പ്രൊഫഷണല്‍ നാടകഗാനങ്ങളുടെയും കടുത്ത ആരാധകനാണ് താനെന്നും കെ വി തോമസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ വിഷാദരോഗത്തില്‍ അകപ്പെട്ട തന്നെ രക്ഷിച്ചത് സംഗീതമാണെന്ന് എറണാകുളം എംപി കെ വി തോമസ്. എറണാകുളം സീറ്റ് ഹൈബി ഈഡന് നല്‍കുന്നുവെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ താന്‍ വിഷാദ രോഗത്തിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസും തൃപ്പൂണിത്തുറ പൂര്‍ണത്രയീശ സംഗീത സഭയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന അഗസ്റ്റിന്‍ ജോസഫ് സ്മാരക പുരസ്‌കാരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് കെ വി തോമസ് ഈ രഹസ്യം വെളിപ്പെടുത്തിയത്. സീറ്റ് നിഷേധിച്ചതറിഞ്ഞ് താന്‍ തളര്‍ന്ന് പോയി. സഹായികളിലൊരാളോട് തനിക്ക് വേണ്ടി ഒരു ഗാനം പ്ലേ ചെയ്യാന്‍ പറഞ്ഞു. ‘കര്‍ത്താവേ യേശുനാഥാ, വാവാ യേശുനാഥാ..’ എന്ന ക്രിസ്ത്യന്‍ ഗാനമാണ് അദ്ദേഹം പ്ലേ ചെയ്തത്. ‘ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്റെ അമ്മ എനിക്ക് വേണ്ടി എപ്പോഴും ഈ പാട്ട് പാടുമായിരുന്നു’- തോമസ് പറയുന്നു.

ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും പ്രൊഫഷണല്‍ നാടകഗാനങ്ങളുടെയും കടുത്ത ആരാധകനാണ് താനെന്നും കെ വി തോമസ് അറിയിച്ചു. കെ പി എ സി നാടകങ്ങളുടെ വലിയൊരു ശേഖരം തന്നെ തന്റെ പക്കലുണ്ടെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. ‘പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട്..’ എന്ന ഗാനമാണ് തന്റെ പ്രിയപ്പെട്ട ഗാനമെന്നും തോമസ് വ്യക്തമാക്കി. യേശുദാസുമായി അടുത്തബന്ധമുണ്ടാകാന്‍ തന്നെ സഹായിച്ചത് സംഗീതത്തോടുള്ള ഇഷ്ടമാണെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫും മികച്ച സംഗീതജ്ഞനാണെന്ന് തോമസ് കൂട്ടിച്ചേര്‍ത്തു.

This post was last modified on April 2, 2019 9:57 am

Related Post
Leave a Comment