X

മുഖ്യമന്ത്രി തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി സഹായം തേടിയത് ശരിയായില്ലെന്ന് പരാതിക്കാരന്‍

കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നാസില്‍ അബ്ദുള്ള സമ്മതിച്ചു

യുഎഇയിലെ ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം തേടിയത് ശരിയായില്ലെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. കേസ് അവസാനിപ്പിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് തുഷാറും വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നാസില്‍ അബ്ദുള്ള സമ്മതിച്ചു. തുഷാറിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടത് ശരിയല്ല. രമ്യമായി പ്രശ്‌നം പരിഹരിക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെങ്കില്‍ അദ്ദേഹം നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമായിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെ തുഷാറിന് വേണ്ടി കത്തയച്ചതിലൂടെ മുഖ്യമന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമായെന്നും നാസില്‍ പറഞ്ഞു. അതേസമയം, നാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കേസ് അവസാനിപ്പിച്ചതിന് ശേഷമേ നാട്ടിലേക്ക് മടങ്ങൂവെന്നുമാണ് തുഷാര്‍ പറഞ്ഞത്.

ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം ദിര്‍ഹത്തിനാണ് നാസിലിന്റെ കമ്പനിക്ക് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ചത്. എന്നാല്‍ അവര്‍ ജോലിയില്‍ വീഴ്ച വരുത്തിയത് തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി. താന്‍ മൂന്നുകോടി രൂപ നല്‍കാമെന്നേറ്റതായ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കേസ് അവസാനിപ്പിക്കാന്‍ ഒരു ലക്ഷം ദിര്‍ഹം വരെ നല്‍കാന്‍ തയ്യാറാണെന്നും അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും തുഷാര്‍ വ്യക്തമാക്കി.

also read: ഒരു കോടി ചെലവാക്കി, രണ്ട് മാസങ്ങള്‍ക്കുള്ളില്‍ അധികൃതരെ ഞെട്ടിച്ച് മാലിന്യവാഹിനിയായി പാര്‍വ്വതി പുത്തനാര്‍; 2020ല്‍ ഇതിലൂടെ ബോട്ടില്‍ പോകുമെന്ന മുഖ്യമന്ത്രിയുടെ സ്വപ്നം നടക്കുമോ?

This post was last modified on August 28, 2019 8:12 am