X

കശ്മീരില്‍ വീണ്ടും നിശാനിയമം; ഇന്റര്‍നെറ്റ് നിലച്ചു

അതേസമയം അതിര്‍ത്തി ജില്ലകളില്‍ സ്‌കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചെന്നാണ് അധികൃതര്‍ പറയുന്നത്.

ജമ്മു കശ്മീരില്‍ നിശാനിയമത്തിന് ഇളവ് നല്‍കിയ ചില സ്ഥലങ്ങളില്‍ നിയമം വീണ്ടും കര്‍ക്കശമാക്കി. ചിലയിടങ്ങളില്‍ കല്ലേറും അക്രമങ്ങളുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇടക്കാലത്ത് കശ്മീരില്‍ നിന്ന് സുരക്ഷാ സേന ഒഴിവാക്കിയ പെല്ലറ്റ് തോക്കുകള്‍ വീണ്ടും ഉപയോഗിച്ചതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുഹമ്മദ് സിദ്ദിഖ് ദലാല്‍(78), സമീര്‍ ഹുസൈന്‍ ഖുദ്രി(46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഭാഗികമായി പുനഃസ്ഥാപിച്ച ഇന്റര്‍നെറ്റ് സേവനം അക്രമങ്ങളെ തുടര്‍ന്ന് വീണ്ടും നിര്‍ത്തി. കശ്മീര്‍ താഴ്‌വരയിലെ 190 സ്‌കൂളുകള്‍ ഇന്നലെ തുറന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ തീര്‍ത്തും കുറവായിരുന്നു. പലയിടങ്ങളിലും അധ്യാപകര്‍ എത്തി. ശ്രീനഗറിലും താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. അപൂര്‍വം വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.

അതേസമയം അതിര്‍ത്തി ജില്ലകളില്‍ സ്‌കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. കോളേജുകളും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും പ്രവര്‍ത്തിച്ചതായി ഡെപ്യൂട്ടി കമ്മിഷണര്‍ ഐജാസ് ആസാദ് പറഞ്ഞു. രജൗരി, പൂഞ്ച്, റംബാന്‍, ദോഡ, കിഷ്ത്വാര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് പ്രവര്‍ത്തിച്ചത്. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. രജൗരിയില്‍ കമ്പോളങ്ങള്‍ തുറന്നതായും അധികൃതര്‍ അറിയിച്ചു. ജമ്മു, കത്വ, സംബ, ഉധംപുര്‍, റിയാസി എന്നിവിടങ്ങളില്‍ പത്തിന് സ്‌കൂളുകള്‍ തുറന്നിരുന്നു.

ബാരാമുള്ള, സോപോര്‍, സിങ്പുര, പല്‍ഹാലന്‍, പഠാന്‍ എന്നിവിടങ്ങളില്‍ ഇളവുകളൊന്നുമില്ല. മറ്റിടങ്ങളില്‍ നിശാനിയമത്തില്‍ ഇളവ് നല്‍കിയെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്തതിനാല്‍ ജിഎസ്ടി റിട്ടേണുകള്‍ നല്‍കാനുള്ള സമയം കശ്മീര്‍ നീട്ടണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

also read:ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി’