X

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്: ശബരിമലയില്‍ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥ

ശബരിമലിലെ സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണെന്ന് എന്‍എസ്എസ്. സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് എന്‍എസ്എസ് നടത്തിയിരിക്കുന്നത്. വിശ്വാസികള്‍ക്കെതിരെയുള്ള നടപടി അധാര്‍മികവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരിലുള്ള പത്രക്കുറിപ്പ് പറയുന്നു.

പന്തളം കൊട്ടാരത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രിയും മറ്റ് ചില മന്ത്രിമാരും വിലകുറഞ്ഞ ഭാഷയില്‍ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തത് വിശ്വാസികളെ മുറിവേല്‍പ്പിച്ചു. എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പമാണ്. നിയമപരമായും സമാധാനപരമായുമാണ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നത്. സുപ്രിംകോടതി വിധിയുടെ പേരിലാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ അതിന് അനുവദിക്കുന്നുമില്ല.

അടിയന്തരാവസ്ഥയ്ക്ക് തുല്യമായ വിധത്തില്‍ വിശ്വാസികള്‍ക്കെതിരെ നടപടികളുമായി നീങ്ങുകയാണ്. എന്‍എസ്എസിന്റെ പതാക ദിനമായ ഒക്ടോബര്‍ 31ന് കരയോഗ മന്ദിരത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ വഴിപാടും കരയോഗ മന്ദിരത്തില്‍ അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി വിശ്വാസ സംരക്ഷണ നാമജപവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

This post was last modified on October 26, 2018 2:53 pm