X

സംസ്ഥാനത്ത് ഇന്ധന വില ഒരു രൂപ കുറഞ്ഞു; കേന്ദ്രം പാചകവാതക വില 48.50 രൂപ വര്‍ധിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനം പ്രാബല്യത്തില്‍ വന്ന ദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ നികുതിയില്‍ ഇളവ് വരുത്തിയതോടെ പെട്രോള്‍, ഡീസല്‍ വിലയിലെ ഒരു രൂപയുടെ കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പെട്രോളിന് ഒരു രൂപ 10 പൈസയും ഡീസലിന് 1 രൂപ എട്ട് പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 81.48 രൂപയും ഡീസലിന് 74.10 രൂപയുമായി.

സംസ്ഥാനത്തിന്റെ അധിക നികുതി ലാഭം ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഇന്ധനവില ഒരു രൂപ കുറച്ചത്. 500 കോടിയുടെ വരുമാന കുറവാണ് ഇതുമൂലമുണ്ടാകുന്നത്. നിലവില്‍ പെട്രോളിന് 32 ശതമാനവും ഡീസലിന് 25 ശതമാനവുമാണ് സംസ്ഥാനം ഈടാക്കുന്ന നികുതി. ഇന്ധന വില വര്‍ധിച്ചതോടെ നികുതി വരുമാനത്തിലും വര്‍ധനവുണ്ടായിരുന്നു. എണ്ണക്കമ്പനികള്‍ പെട്രോളിന് പത്ത് പൈസയും ഡീസലിന് എട്ട് പൈസയും മാത്രമാണ് കുറച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനം പ്രാബല്യത്തില്‍ വന്ന ദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക വില 48.50 രൂപ വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 77.50 രൂപ വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ളവര്‍ക്ക് 190.66 രൂപ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.

ആഗോള വിപണിയില്‍ ഇന്ധനവില ഉയരുന്നതാണ് വിലവര്‍ധനവിന് കാരണമെന്നാണ് പറയുന്നത്. സബ്‌സിഡി അക്കൗണ്ടില്‍ എത്തുന്നതിനാല്‍ കേരളത്തിലെ പുതിയ വില 497.84 രൂപയായിരിക്കും. കൊല്‍ക്കത്തയില്‍ 496.65, മുംബൈയില്‍ 491.31, ചെന്നൈയില്‍ 481.84 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.