X

പോലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരായി പ്രവര്‍ത്തിച്ചു; ചില മാധ്യമങ്ങളുടെ കള്ളം ചൂണ്ടിക്കാട്ടി പിണറായി

പോലീസുകാരുടെ കാര്യം ഞാന്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും അവരുടെ നേട്ടങ്ങള്‍ പറയും എന്നാല്‍ അവര്‍ക്കെന്തെങ്കിലും പാളിച്ചകളോ ദൗര്‍ബല്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അത് ചൂണ്ടിക്കാട്ടേണ്ടത് എന്റെ ബാധ്യതയല്ലേ?

പോലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരായി പ്രവര്‍ത്തിച്ചുവെന്ന് താന്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ശുദ്ധ കളവെന്ന് പറഞ്ഞാല്‍ അതില്‍ പരം കളവില്ലെന്നും പിണറായി പറയുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ പോലീസിന്റെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടേണ്ടത് തന്റെ ബാധ്യതയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം താഴെ:

നമ്മുടെ നാട്ടിലെ മാധ്യമങ്ങളില്‍ ചിലത് ചില വാര്‍ത്തകള്‍ കൊടുക്കും ആ വാര്‍ത്ത ശരിയായി വിശ്വസിച്ച് പോയാല്‍ പിന്നെ കുഴപ്പത്തിലാകും. ചിലപ്പോള്‍ ശരിയായ വാര്‍ത്തയാകണമെന്നില്ല അത്. തെറ്റായ കാര്യങ്ങള്‍ ചിലരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചെന്ന് വരും. അപ്പോള്‍ അങ്ങനെ ഒരു കൂട്ടര് പറഞ്ഞോ? ഞങ്ങളെടുത്ത നിലപാടിനെ തള്ളിപ്പറഞ്ഞോ എന്നെല്ലാമുള്ള ശങ്ക ചിലപ്പോള്‍ അങ്ങനെയുണ്ടാകും. അതിന്റെ ഭാഗമായിട്ടാകാം ഇത്തരമൊരു സംശയം ഉയര്‍ന്നുവന്നത്. മാധ്യമവാര്‍ത്തകളുടെ പിന്നാലെ പോയാല്‍ നമ്മള്‍ വിഷമത്തിലാകും. ഓരോ കൂട്ടരും അവരവരുടേതായ നിലപാട് പരസ്യമായി പറയുന്നതാണ്. അതുതന്നെ കാണുന്നതായിരിക്കും നല്ലത്.

ഇപ്പോള്‍ അടുത്തിടെയുണ്ടായ ഒരു ഉദാഹരണം പറയുകയാണെങ്കില്‍. മുഖ്യമന്ത്രിയെന്ന നിലയില്‍ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കേണ്ടി വന്നു. അതില്‍ ചിലര്‍ കൊടുത്ത വാര്‍ത്ത ഹെഡ്ഡിംഗില്‍ പറഞ്ഞത് പോലീസ് ആര്‍എസ്എസിന്റെ ഒറ്റുകാരായെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ്. ശുദ്ധ കളവെന്ന് പറഞ്ഞാല്‍ അതില്‍പരം ഒരു കളവില്ല. ഇങ്ങനെയാണ് വാര്‍ത്തകള്‍ വരുന്ന രീതി. പോലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരാണെന്ന് ഈ നാട്ടിലാരെങ്കിലും പറയുമോ?

എന്നാല്‍ പോലീസുകാരുടെ കാര്യം ഞാന്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും അവരുടെ നേട്ടങ്ങള്‍ പറയും എന്നാല്‍ അവര്‍ക്കെന്തെങ്കിലും പാളിച്ചകളോ ദൗര്‍ബല്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അത് ചൂണ്ടിക്കാട്ടേണ്ടത് എന്റെ ബാധ്യതയല്ലേ? അത് ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ. അതിനപ്പുറം അതിനൊരു മാനവുമില്ല. പക്ഷെ എത്രമാത്രം വലിയ തെറ്റിദ്ധാരണയാണുണ്ടാക്കുന്നത്. ആരെയാണ് അത് ശക്തിപ്പെടുത്തുക? ആര്‍എസ്എസിന് വിവരങ്ങളെല്ലാം ചോര്‍ത്തിക്കൊടുക്കുന്ന പോലീസ് സംവിധാനമാണ് കേരളത്തിലുള്ളതെന്നല്ലേ പ്രചരിപ്പിക്കുന്നത്. അപ്പോള്‍ എത്ര തെറ്റായ രീതിയിലാണ് വാര്‍ത്തകള്‍ വരുന്നതെന്നാണ് നമ്മള്‍ നോക്കേണ്ടത്. അതുകൊണ്ട് വാര്‍ത്തയുടെ പിന്നാലെ പോയി അതിന്റെ മേലെ നമ്മള്‍ എന്തെങ്കിലും ഒരു നിഗമനത്തില്‍ എത്താന്‍ പാടില്ല. ഓരോ കൂട്ടരും എന്താണോ പറഞ്ഞിട്ടുള്ളത് അതിന്റെ മേലെ തന്നെ നമ്മള്‍ പോകുന്നതായിരിക്കും നന്നാകുക.

read more:“ബൈ ദ ബൈ, എന്തിനാണ് നിങ്ങള്‍ക്ക് നോബല്‍ സമ്മാനം കിട്ടിയത്?” ഐഎസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട നാദിയ മുറാദിനോട് ട്രംപ് ചോദിച്ചു

This post was last modified on July 18, 2019 5:54 pm