പശ്ചിമബംഗാളില്‍ പതിനേഴുകാരിയെ പീഡിച്ച ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ നിരഞ്ജന്‍ റോയ്‌ക്കെതിരെയാണ് നടപടി.
ഏപ്രില്‍ 26ന് നിരഞ്ജന്‍ റോയി തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് തൊട്ടടുത്ത ദിവസം തന്നെ പെണ്‍കുട്ടി പിതാവിനൊപ്പം സ്റ്റേഷനിലെത്തി പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. എന്നാല്‍ നിരഞ്ജനെ ഇതുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. പരാതി ലഭിച്ചയുടന്‍ വിവരം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തതാണെന്നും ബാലാവകാശ കമ്മിഷന്‍ കമ്മിഷന്‍ അധ്യക്ഷ അനന്യ ചാറ്റര്‍ജി അറിയിച്ചു.
അതേസമയം, പരാതി വ്യാജമാണെന്നും ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നുമാണ് ബിജെപിയുടെ നിലപാട്. പീഡനം നടന്നെന്ന് പറയപ്പെടുന്ന സമയത്ത് നിരഞ്ജന്‍ റോയി അവിടെയുണ്ടായിരുന്നില്ല. ഇതൊരു കെട്ടിച്ചമച്ച കേസാണെന്ന് പൊലീസിന് പ്രഥമദൃഷ്ട്യാ മനസിലായതാണ്. ഇപ്പോള്‍ ബാലാവകാശ കമ്മീഷനെ കൂട്ടുപിടിച്ച് ഗൂഢാലോചന നടപ്പാക്കാനാണ് തൃണമൂലിന്റെ നീക്കമെന്നും സംസ്ഥാന ബിജെപി ഉപാധ്യക്ഷന്‍ ജയപ്രകാശ് മജുംദാര്‍ ആരോപിക്കുന്നു.
Leave a Comment