X

വനിതാ മതിലിന്റെ പ്രചരണ ഗാനം കോപ്പിയടിച്ചതെന്ന് ആരോപണം

സിപിഎമ്മിന് ഗാനവുമായി ബന്ധമില്ലെന്ന് റെക്കോര്‍ഡ് ചെയ്ത സ്റ്റുഡിയോയുടെ അധികൃതര്‍

ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ഗാനം കോപ്പിയടിയാണെന്ന് ആരോപണം. 15 വര്‍ഷം മുമ്പ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് വിപ്ലവ മുദ്ര എന്ന പേരില്‍ പുറത്തിറക്കിയ കാസറ്റിലെ ഗാനത്തിന്റെ ഈണം അതേപോലെ ഈ ഗാനത്തില്‍ പകര്‍ത്തുകയായിരുന്നെന്നാണ് ആരോപണം.

ജമീല്‍ അഹമ്മദ്, ടി കെ അലി എന്നിവരാണ് വിപ്ലവ മുദ്രയിലെ ഗാനം രചിച്ചത്. അമീന്‍ യാസിര്‍ സംഗീതവും നിര്‍വഹിച്ച വിപ്ലവമുദ്രയിലെ മുഴുവന്‍ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ‘പടനിലങ്ങളേറെ താണ്ടി വന്ന കൂട്ടരേ.. നമ്മള്‍ വടിയടിച്ച് വന്‍ കടല്‍ പിളര്‍ന്നതെങ്ങനെ..’ എന്ന ഗാനമാണ് സംഗീതം ഒട്ടും മാറാതെ ‘ജട പിടിച്ച ചിന്തകള്‍ പൊളിച്ചു മാറ്റിടാം.. എന്നും ജനമനസിലൊരുമതന്‍ മതിലൊരുക്ക നാം..’ എന്ന വരികളാക്കി പുറത്തിറക്കിയതെന്നാണ് ആരോപണം. ഈ ഗാനം സിപിഎം പ്രവര്‍ത്തകരടക്കമുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ ഇത് കോപ്പിയടിയാണെന്ന ആരോപണവും ശക്തമായി.

പാരഡി എന്ന രീതിയിലാണ് ഗാനം പുറത്തിറക്കിയതെന്നും സിപിഎമ്മിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് ഗാനം റെക്കോര്‍ഡ് ചെയ്ത പെരുമ്പാവൂരിലെ സ്വകാര്യ സ്റ്റുഡിയോ അധികൃതര്‍ അറിയിച്ചു.

വനിതാ മതിലിന്റെ ഔദ്യോഗിക പ്രചരണ ഗാനത്തിന്റെ സിഡിയുടെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. കരിവള്ളൂര്‍ മുരളിയാണ് ഈ ഗാനം രചിച്ചത്. അതേസമയം വനിതാ മതിലിന് പിന്തുണയര്‍പ്പിച്ച് പലരും പ്രചരണ ഗാനങ്ങള്‍ പുറത്തിറക്കുന്നുണ്ട്. അത്തരത്തിലൊരു ഗാനമാണ് ഇപ്പോള്‍ വിവാദത്തിലായത്. മുമ്പ് പുഷ്പവതി മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് പരിപാടിക്കിടെ അവതരിപ്പിച്ച ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരുന്നു.

This post was last modified on December 29, 2018 12:12 pm