തെരുവില്‍ നിന്നും ഉയരുന്നത് മുദ്രാവാക്യങ്ങളല്ലെന്നും യാഥാസ്ഥിതികത്വത്തിന്റെ മാമൂലുകളാണെന്നും കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണത്തിനായുള്ള ജനകീയ കൂട്ടായ്മയായ വീ ദി പീപ്പിളില്‍ ശബരിമല ആചാര സംരക്ഷണത്തിനായി നടക്കുന്ന നാമജപ ഘോഷയാത്രയെ പുന്നല വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ:
ഭരണഘടനയുടെ നിഴലില്‍ നിന്നുകൊണ്ട് രാജ്യത്തെ പരമോന്നത നീതിപീടത്തിന്റെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ച ഒരു വിധി പ്രസ്താവത്തെ യാഥാസ്ഥിതികരായ ന്യൂനപക്ഷത്തിന്റെ പ്രതിഷേധത്തിലൂടെ അത് നടപ്പിലാക്കാന്‍ കഴിയാത്ത ഒരവസ്ഥ സൃഷ്ടിക്കുകയും. നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് മുകളില്‍ ഈ യാഥാസ്ഥിതികത്വത്തിന്റെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ പൗരസമൂഹം കൈവരിക്കേണ്ട ചില മുന്നൊരുക്കങ്ങളുണ്ട്. തെരുവില്‍ നിന്നും മുദ്രാവാക്യം വിളിക്കുന്നത് പരിഷ്‌കരണത്തിന് വേണ്ടിയല്ല. യാഥാസ്ഥിതികത്വത്തിന്റെ മൂമൂലുകളാണ് മുദ്രാവാക്യമായി വിളിക്കുന്നത്.
ജനാധിപത്യത്തിലെ രാജാക്കന്മാര്‍ പ്രജകളാണ്. പക്ഷെ ജനാധിപത്യത്തില്‍ രാജാക്കന്മാര്‍ പുനര്‍ജനിക്കുന്ന ഒരു വൈരുദ്ധ്യം നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണാഘടനാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ അതിന്റെ ഭരണത്തിന്റെ മുഖങ്ങളെ ജാതീയമായും വര്‍ഗ്ഗീയമായും പ്രതിരോധത്തിലാക്കുന്ന ഹീനമായ അവസ്ഥ നമ്മള്‍ കാണുകയാണ്. മുഖ്യമന്ത്രി മുതല്‍ പോലീസ് വരെയുള്ള സംവിധാനത്തെ ജാതീയമായും വര്‍ഗ്ഗീയമായും മുദ്രകുത്തുകയും അതിനെ പ്രതിരോധത്തിലേര്‍പ്പെടുത്തുന്ന ഭീതിദമായ ഒരു ചുറ്റുപാടിലാണ് നാം. ഈ ഭീതിദമായ ഘട്ടത്തില്‍ ഭരണനിര്‍മ്മാണ സഭകളില്‍ സാങ്കേതികമായ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ പൊളിച്ചെഴുതുന്നതിന് വേണ്ടിയുള്ള സാധ്യതകള്‍ പോലും ആരായുമ്പോള്‍ ഒരു പൗരസമൂഹം ഉണര്‍ന്നിരിക്കേണ്ട ഘട്ടത്തിലാണ് നാം നില്‍ക്കുന്നത്. അതിന്റെ ഓര്‍മ്മപ്പെടുത്തലിന്റെ ഒരുമിക്കലിന്റെ വേദിയായി ഈ വേദി മാറി എന്നാണ് ഞാന്‍ വിലയിരുത്തുന്നത്.
ഇവിടെ ഭഗവാന്റെ കല്‍പ്പിതഹിതത്തേക്കാള്‍ സ്ത്രീയുടെ അന്തസിനാണ് കോടതി വില കൊടുക്കുന്നത് എന്നുള്ള വിധി പ്രസ്താവത്തില്‍ നിന്നുകൊണ്ട് ആര്‍ത്തവത്തെ പേടിക്കാത്ത ആത്മാഭിമാനമുള്ള ഒരു സ്ത്രീ സമൂഹം ഈ നാട്ടിലുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒരു ഘട്ടമാണിത്. ഈ സന്ദര്‍ഭത്തില്‍ യുവതയുടെ വലിയ സാന്നിധ്യം ഈ മുന്‍നിരകളില്‍ തന്നെയുള്ളത് അത് നമുക്ക് വലിയ സന്തോഷമുണ്ടാക്കുമ്പോള്‍ തന്നെ വലിയ ആത്മവിശ്വാസവും നല്‍കുന്നു. അതുകൊണ്ട് രാജ്യത്തിന് മാതൃകയായി ഈ നവോത്ഥാനത്തിന്റെ നാട് ഒരു വലിയ പ്രതിരോധം തീര്‍ക്കാന്‍ കൈരളിയുടെ സിരസ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച് അണിനിരക്കും എന്ന് നമുക്ക് പ്രഖ്യാപിക്കാം.
This post was last modified on November 13, 2018 2:43 pm
Leave a Comment