X

സംഘട്ടനമുണ്ടായാല്‍ കൊന്നിട്ട് വരൂ, ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം: വൈസ് ചാന്‍സലറുടെ പ്രസംഗം വിവാദത്തില്‍

പുര്‍വാന്‍ചല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും കരഞ്ഞുകൊണ്ട് തന്നെ സമീപിക്കരുതെന്നാണ് രാജാറാം ആദ്യം പറഞ്ഞത്

കൊലപാതകത്തെ ന്യായീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വൈസ് ചാന്‍സലറുടെ സന്ദേശം വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലെ വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍, രാജാറാം യാദവിന്റെ സന്ദേശമാണ് വിവാദമായിരിക്കുന്നത്. ഗാസിപൂരിലെ ഒരു കോളേജിലാണ് വിവാദ പ്രസംഗം നടത്തിയത്.

പുര്‍വാഞ്ചല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും കരഞ്ഞുകൊണ്ട് തന്നെ സമീപിക്കരുതെന്നാണ് രാജാറാം ആദ്യം പറഞ്ഞത്. നിങ്ങള്‍ ആരെങ്കിലുമായി അടിപിടിയുണ്ടായാല്‍ അവരെ കൊന്നിട്ട് വരിക, ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കാം എന്നായിരുന്നു രാജാറാമിന്റെ പ്രസംഗത്തിലെ സന്ദേശം. ഒരു സംഘട്ടനത്തില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ അവരെ തല്ലുക മാത്രമല്ല, സാധിക്കുമെങ്കില്‍ കൊല്ലണമെന്നും രാജാറാം കൂട്ടിച്ചേര്‍ത്തു.

കല്ലില്‍ നിന്നും ജലമുണ്ടാക്കുന്നവന്‍ മാത്രമല്ല മികച്ച വിദ്യാര്‍ത്ഥിയെന്ന് പറഞ്ഞ രാജാറാം ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവനാണ് മികച്ചവനെന്നും പറയുന്നു. അലഹബാദ് സര്‍വകലാശാലയിലെ ഊര്‍ജ്ജതന്ത്രം പ്രൊഫസറായിരുന്ന രാജാറാം യാദവിനെ കഴിഞ്ഞ വര്‍ഷമാണ് പൂര്‍വാഞ്ചലിലെ വൈസ് ചാന്‍സലറായി നിയമിച്ചത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അര മണിക്കൂറുകള്‍ക്ക് മുമ്പ് ഗാസിപൂരിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം പ്രോത്സാഹിപ്പിക്കുന്ന വൈസ് ചാന്‍സലറുടെ സന്ദേശം. രാജാറാമിന്റെ സന്ദേശത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് പുറത്തുവരുന്നത്.

This post was last modified on December 30, 2018 5:29 pm