X

എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ദേവികുളം സബ്കളക്ടര്‍ ഹൈക്കോടതിയിലേക്ക്

റവന്യൂ വകുപ്പിന്റെ ജോലി തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും

ദേവികുളം സബ്കളക്ടര്‍ രേണു രാജ് എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ നാളെ ഹൈക്കോടതിയെ സമീപിക്കും. റവന്യൂവകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രേണു രാജ് കോടതിയില്‍ സത്യവാങ്മൂലം നല്‍കാനൊരുങ്ങുന്നത്.

മൂന്നാറിലെ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണം കോടതിയെ അറിയിക്കുമെന്നും രേണു രാജ് പറഞ്ഞു. റവന്യൂ വകുപ്പിന്റെ ജോലി തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും. മൂന്നാറിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ എജി ഓഫീസ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

മുതിരപ്പുഴയാര്‍ കയ്യേറി പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിര്‍മ്മിച്ചുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃത നിര്‍മ്മാണം തടയാന്‍ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സബ്കളക്ടര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

നേരത്തെ രേണു രാജ് ബോധമിള്ളാത്തവനാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ കളക്ടര്‍ തന്നെ താനെന്ന് വിളിച്ചെന്നും ആ രീതിയില്‍ തന്നെ അഭിസംബോധന ചെയ്യുകയായിരുന്നെന്നുമാണ് എംഎല്‍എ പറഞ്ഞത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപം എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിര്‍മ്മാണമാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. കെഡിഎച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടുകൊടുത്ത സ്ഥലത്തെ നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സബ് കളക്ടര്‍ രേണു രാജിന്റെ നടപടി. എന്നാല്‍ പഞ്ചായത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും സമ്മതം ആവശ്യമില്ലെന്ന് പറഞ്ഞാണ് എംഎല്‍എ സബ്കളക്ടറെ ബോധമില്ലാത്തവളെന്ന് വിളിച്ചത്.

This post was last modified on February 10, 2019 3:45 pm