കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത. കല്യാശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ റീപോളിംഗ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കല്യാശേരിയിലെ 19, 69, 70 ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗിന് സാധ്യത. കള്ളവോട്ട് നടന്നുവെന്ന് ആരോപിക്കപ്പെട്ട ബൂത്തുകളാണ് ഇത്. കള്ള വോട്ട് നടന്നുവെന്ന് ആരോപണമുണ്ടാകുകയും ഇത് കമ്മിഷന്‍ സ്ഥിരീകരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റീപോളിംഗിന് കമ്മിഷന്‍ തയ്യാറെടുക്കുന്നത്. റീപോളിംഗ് നടക്കുകയാണെങ്കില്‍ ഈമാസം 19നാണ് നടക്കുക.
കല്യാശേരിയിലെ പിലാത്തറ സ്‌കൂളിലെ ബൂത്തുകളിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. കേരളത്തില്‍ ആദ്യത്തെ കള്ളവോട്ട് ആരോപണമായിരുന്നു ഇത്. ഇതില്‍ 19-ാം നമ്പര്‍ ബൂത്തിലാണ് സിപിഎമ്മിന്റെ പഞ്ചായത്ത് അംഗങ്ങള്‍ കള്ളവോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. 69, 70 ബൂത്തുകളില്‍ മുസ്ലിംലീഗ് കള്ളവോട്ട് ചെയ്‌തെന്നായിരുന്നു ആരോപണം. ഈ ആരോപണവും ശരിയാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെയും കേസെടുത്തു.
കള്ളവോട്ടുകള്‍ തെളിഞ്ഞ് കേസെടുത്ത ബൂത്തുകളിലാണ് ഇപ്പോള്‍ റീപോളിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. റീപോളിംഗ് നടത്തുന്നതിനെ കോണ്‍ഗ്രസും ബിജെപിയും സ്വാഗതം ചെയ്തു. എന്നാല്‍ കള്ളവോട്ട് ആരോപണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.
This post was last modified on May 16, 2019 12:19 pm
Leave a Comment