X

ശബരിമല സ്ത്രീ പ്രവേശനം യാഥാര്‍ത്ഥ്യമാക്കണം; മുഖ്യമന്ത്രിക്ക് സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിവേദനം

സാമൂഹ്യ പുരോഗതിക്ക് തടസം നില്‍ക്കുന്ന അനാചാര സംരക്ഷകരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരും പോലീസും തയ്യാറാകണമെന്നും ആവശ്യം

ശബരിമലയില്‍ പോവാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍. ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിച്ച് ശബരിമല പ്രവേശനത്തിന് തയ്യാറാകുന്ന സ്ത്രീകള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും സുരക്ഷ ഉറപ്പാക്കണം. അവരുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാവണം. സാമൂഹ്യ പുരോഗതിക്ക് തടസം നില്‍ക്കുന്ന അനാചാര സംരക്ഷകരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരും പോലീസും തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 116പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.

നവോഥാന പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ച് സ്ത്രീവിരുദ്ധമായ അനാചാരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ശക്തമായ പ്രചരണം അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പ്രതിഷേധത്താല്‍ ശബരിമല തീര്‍ഥാടനത്തിന് തയ്യാറുള്ള സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനോ സുപ്രീംകോടതി വിധിയനുസരിച്ചുള്ള തീര്‍ഥാടനാവകാശം സാധ്യമാക്കാനോ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല. സംഘപരിവാര്‍ ഭീകരതക്കെതിരെ രൂപംകൊള്ളുന്ന പൊതു പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലുള്ള പോലീസ് നിഷ്‌ക്രിയത്വം പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. ശബരിമല തീര്‍ഥാടനത്തിന് സുരക്ഷ ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തിയവരെ പിന്തുണച്ചവര്‍ക്ക് നേരെ നടന്ന അക്രമം ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ചവരേയും വെറുതെ വിടില്ല എന്നതിന്റെ സൂചനയാണ്. അതിനാല്‍ ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ഇടപെണമെന്നും നടപടികള്‍ ഉണ്ടാവണമെന്നുമാണ് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.

This post was last modified on November 29, 2018 6:56 pm