X

പാസ്റ്റര്‍മാരെ ആക്രമിച്ച സംഘപരിവാറുകാരന്‍ സ്വന്തം ലുക്ക്ഔട്ട് നോട്ടീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു: നാണമില്ലേ പോലീസേ..

ഈ ചങ്കൂറ്റം മരണ മാസെന്ന് സംഘപരിവാര്‍

ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിനെത്തിയെന്ന് ആരോപിച്ച് പാസ്റ്റര്‍മാരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മതപ്രചരണാര്‍ത്ഥമുള്ള ലഘുലേഖകള്‍ വീടുകളില്‍ കയറി വിതരണം ചെയ്യുന്ന മൂന്ന് പാസ്റ്റര്‍മാരെയാണ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് നിങ്ങള്‍ വരേണ്ട കാര്യമില്ല എന്ന് പറഞ്ഞ് പാസ്റ്റര്‍മാരെ കൊണ്ട് തന്നെ ലഘുലേഖകള്‍ കീറിപ്പിക്കുകയും ഇനി ഈ പണിക്ക് വന്നാല്‍ മുഖമടിച്ച് പൊട്ടിക്കും എന്ന് പറയുകയും ചെയ്തത് ഗോപിനാഥ് കൊടുങ്ങല്ലൂര്‍ എന്നയാളാണ്. ഇയാളെ കൂടാതെ മറ്റ് ചിലരും വീഡിയോയിലുണ്ട്. എട്ടാം തിയതി വീഡിയോ വിവാദമായതോടെ പോലീസ് കേസെടുക്കുകയും പ്രതികള്‍ക്കായി ലുക്ക്ഔട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു.

ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഗോപിനാഥിനെ കണ്ടെത്താനുള്ള ലുക്ക്ഔട്ട് നേട്ടീസ് അയാള്‍ തന്നെ ഷെയര്‍ ചെയ്തതായി വിവിധ ഗ്രൂപ്പുകളില്‍ പരക്കുന്നുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് സ്വന്തം വാളില്‍ ഷെയര്‍ ചെയ്യുന്ന ചങ്കൂറ്റം കണ്ടിട്ടുണ്ടോ മരണമാസ്സ് എന്ന അടിക്കുറിപ്പോടെയാണ് സംഘപരിവാര്‍ അനുകൂല ഐഡികള്‍ ഇത് ഷെയര്‍ ചെയ്യുന്നത്. ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ എന്ന ഐഡിയില്‍ നിലവില്‍ ഈ പോസ്റ്റ് ലഭ്യമല്ല. എന്നാല്‍ മതപരിവര്‍ത്തനത്തെ തടഞ്ഞ് ഹിന്ദു സംസ്‌കാരത്തെ രക്ഷിച്ച ആളാണ് ഗോപിനാഥന്‍ എന്ന തരത്തില്‍ നിരവധി പേരാണ് ഇയാളുടെ വാളില്‍ അഭിനന്ദനങ്ങള്‍ എഴുതുന്നത്.

അതേസമയം പാസ്റ്റര്‍മാരെ ആക്രമിച്ച കേസിലെ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നുമാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറിയിക്കുന്നത്. ഇയാളുടെ വിവരങ്ങള്‍ സൈബര്‍ സെല്ലില്‍ കൊടുത്ത് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

This post was last modified on June 12, 2018 10:17 am