X

ദീന്‍ദയാല്‍ ഉപാധ്യയ ജന്മശതാബ്ദി; ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

ദീന്‍ദയാലിനെക്കുറിച്ച് ഉപന്യാസ രചന മത്സരം, കവിത രചന മത്സരം എന്നിവയും സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്

ആര്‍എസ്എസ് നേതാവായിരുന്ന ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന നിര്‍ദ്ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഫെഡറല്‍ സംവിധാനമായതിനാല്‍ തന്നെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധമില്ലെന്നിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സ്‌കൂളുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യുപി ക്ലാസുകളിലും സെക്കന്ററി ക്ലാസുകളിലും നടത്തുന്നതു സംബന്ധിച്ച സര്‍ക്കുലറും കത്തുമാണ് അയച്ചത്. ദീന്‍ദയാലിനെക്കുറിച്ച് ഉപന്യാസ രചന മത്സരം, കവിത രചന മത്സരം എന്നിവയും സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മഹാത്മാ ഗാന്ധിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ താരതമ്യം ചെയ്യുന്ന വ്യക്തിയാണ് ദീന്‍ദയാല്‍. അടുത്തിടെ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ പേരില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള വിഭാഗമായ വിദ്യാഭാരതി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പ്രചരിപ്പിച്ച പുസ്തകത്തില്‍ മഹാത്മാ ഗാന്ധിയേക്കാള്‍ മഹാനാണ് ഇദ്ദേഹം എന്ന രീതിയിലാണ് വിശേഷിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്നും തുരങ്കം നിര്‍മ്മിച്ച ബാലനാണ് ഇദ്ദേഹം എന്നൊക്കെ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നു. ഈ പുസ്തകങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് വിതരണം ചെയ്തതെന്നാണ് സര്‍ക്കാരും ഡിപിഐയും പറഞ്ഞത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഒരു സംഘപരിവാര്‍ അജണ്ടയ്ക്ക് നടപ്പാക്കാന്‍ ഉത്തരവിട്ടതാണ് വിവാദത്തിലായത്.

This post was last modified on October 24, 2017 9:27 pm