X

തോമസ് ചാണ്ടിയുടെ കേസ് കോണ്‍ഗ്രസ് എംപി ഏറ്റെടുത്തു; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തന്‍ഖയുടെ നടപടി കേരളത്തിലെ കോണ്‍ഗ്രസുകാരോടും യുഡിഎഫ് പ്രവര്‍ത്തകരോടും ജനങ്ങളോടും കാണിച്ച കടുത്ത വഞ്ചനയാണ്

മന്ത്രി തോമസ് ചാണ്ടിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് രാജ്യസഭാംഗം വിവേക് തന്‍ഖ ഹൈക്കോടതിയില്‍ ഹാജരാകുന്നതിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. ഗുരുതരമായ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് നിയമത്തിന്റെ മുന്നിലും ജനമനസ്സുകളിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ ജനകീയ ആവശ്യവും സമരങ്ങളും ഉയര്‍ന്നുവന്നിട്ടുള്ള ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിനു വേണ്ടി ഹൈക്കോടതിയില്‍ കേസ് നടത്തുന്നതിന് കോണ്‍ഗ്രസ് എം.പി. വിവേക് തന്‍ഖ ഹാജരാകുന്നത് അങ്ങേയറ്റം അനൗചിത്യപരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

അഭിഭാഷകനെന്ന നിലയില്‍ ഏത് കേസും ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പക്ഷേ, കോണ്‍ഗ്രസ് എംപിയായ അദ്ദേഹം രാഷ്ട്രീയ ഔചിത്യം കാണിക്കേണ്ടതായിരുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ഈ നടപടി കേരളത്തിലെ കോണ്‍ഗ്രസുകാരോടും യുഡിഎഫ് പ്രവര്‍ത്തകരോടും ജനങ്ങളോടും കാണിച്ച കടുത്ത വഞ്ചനയാണ്. വിവേക് തന്‍ഖ എംപിയുടെ ഈ ദ്രോഹനടപടിയെ കുറിച്ച് കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. അതിനു വേണ്ട കൃത്യമായ നടപടികള്‍ എഐസിസി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

തന്‍ഖ തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹാജരാകുന്നതിനെതിരെ കെപിസിസി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കെപിസിസിയുടെ പ്രതിഷേധത്തില്‍ കാര്യമില്ലെന്ന് പറഞ്ഞാണ് തന്‍ഖ ഇന്ന് ഹൈക്കോടതിയിലേക്ക് തിരിച്ചിരിക്കുന്നത്. എംഎം ഹസന്‍ ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടിട്ടും വഴങ്ങാന്‍ തന്‍ഖ തയ്യാറായില്ല.

This post was last modified on November 14, 2017 10:36 am