X

ലുലു മേധാവി ഡയറക്ടറായ നിക്ഷേപ കമ്പനി; ജയറാം രമേശിനും കാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസിനുമെതിരെ അജിത് ഡോവലിന്റെ മകന്റെ കേസ്

വിവേക് കേയ്മാന്‍ ദ്വീപുകളില്‍ ഒരു 'ഹെഡ്ജ് ഫണ്ട്' (വായ്പാധിഷ്ഠിത ഊഹക്കച്ചവടം നടത്തുന്നതിനുള്ള) സ്ഥാപനം നടത്തുന്നതായാണ് കാരവന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്

തനിക്കെതിരെ വസ്തുതാ വിരുദ്ധമായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ കേസ് ഫയല്‍ ചെയ്തു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, കാരവന്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫും മലയാളിയുമായ വിനോദ് ജോസ്, റിപ്പോര്‍ട്ടര്‍ കൗശല്‍ ഷറോഫ് എന്നിവര്‍ക്കെതിരെയാണ് പാട്യാല കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഫയല്‍ കോടതി നാളെ പരിഗണിക്കും.

വിവേക് കേയ്മാന്‍ ദ്വീപുകളില്‍ ഒരു ‘ഹെഡ്ജ് ഫണ്ട്’ (വായ്പാധിഷ്ഠിത ഊഹക്കച്ചവടം നടത്തുന്നതിനുള്ള) സ്ഥാപനം നടത്തുന്നതായാണ് കാരവന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. സിംഗപൂര്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നും സംഘടിപ്പിച്ച രേഖകള്‍ സഹിതമാണ് അവര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അനധികൃത നിക്ഷേപങ്ങള്‍ക്ക് കുപ്രസിദ്ധമാണ് ബ്രിട്ടീഷ് ഓവര്‍സീസ് ടെറിറ്ററിയില്‍ പെടുന്ന കേയ്മാന്‍ ദ്വീപുകള്‍.

പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ട് കഴിഞ്ഞ് 13 ദിവസത്തിന് ശേഷമാണ് ഈ ഹെഡ്ജ് ഫണ്ട് നിലവില്‍ വന്നതെന്നും കാരവന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വിവേകിന്റെ ബിസിനസ് സഹോദരന്‍ ശൗര്യ ഡോവലിന്റെ ബിസിനസുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും കാരവനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി നേതാവായ ശൗര്യ ഇന്ത്യ ഫൗണ്ടേഷന്‍ തിങ്ക് ടാങ്കിന്റെയും ഡയറക്ടറാണ്. മോദി സര്‍ക്കാരിലെ ഉന്നതരുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ട്.

ഒരു ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായ വിവേക് ഡോവല്‍ യുകെ പൗരനാണ്. നിലവില്‍ സിംഗപ്പൂരിലാണ് കഴിയുന്നത്. ജിഎന്‍വൈ ഏഷ്യ ഫണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന്റെ പേര്. ജൂലൈ 2018ലെ ഒരു രേഖയില്‍ പറയുന്നതു പ്രകാരം മുഹമ്മദ് അല്‍താഫ് മുസ്ലിം വീട്ടില്‍, ഡോണ്‍ ഡബ്ല്യു ഇബാങ്ക്‌സ് എന്നിവരും ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരാണ്. ഇ ബാങ്ക്‌സിന്റെ പേര് നേരത്തെ പാരഡൈസ് പേപ്പേഴ്‌സ് ചോര്‍ന്നപ്പോഴും ഉയര്‍ന്നു വന്നിരുന്നു. പാനമ പേപ്പേഴ്‌സ് ചോര്‍ച്ചയുടെ ഘട്ടത്തില്‍ പുറത്തുവന്ന പേരുകളിലൊന്നായ വാക്കേഴ്‌സ് കോര്‍പ്പറേറ്റ് ലിമിറ്റഡിന്റെ കീഴിലാണ് ജിഎന്‍വൈ ഏഷ്യാ ഫണ്ട് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ റീജ്യണല്‍ ഡയറക്ടറാണ് മുഹമ്മദ് അല്‍ത്താഫ് മുസ്ലിം വീട്ടില്‍. നിലവില്‍ ഖത്തറിലെ ദോഹയിലാണ് ഇദ്ദേഹമുള്ളത്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്തിട്ടുള്ളയാളാണ് മുഹമ്മദ് അല്‍ത്താഫ്.

This post was last modified on January 22, 2019 8:24 am