തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ വനിതാ മതിലില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥിനികളെ എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായുള്ള ശബ്ദരേഖ പുറത്ത്. വിദ്യാര്‍ത്ഥിനികളെ എസ്എഫ്‌ഐ നേതാക്കള്‍ യൂണിയന്‍ റൂമില്‍ വച്ച് ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് ഏഷ്യനെറ്റ് പുറത്തുവിട്ടത്.
യൂണിവേഴ്‌സിറ്റി കോളേജിന് സമാനമായ അവസ്ഥയാണ് എസ്എഫ്‌ഐയുടെ മറ്റൊരു കോട്ടയായ ആര്‍ട്‌സ് കോളേജിലുമെന്നാണ് ശബ്ദരേഖയില്‍ നിന്നും വ്യക്തമാകുന്നത്. വനിതാ മതിലിന്റെ പ്രചരണ പരിപാടിയില്‍ നിന്നും വിട്ടുനിന്ന വിദ്യാര്‍ത്ഥിനികളെയാണ് നേതാക്കള്‍ ചോദ്യ ചെയ്യുന്നത്. വേറൊരു പരിപാടിയിലും പങ്കെടുക്കരുതെന്നും പഠിക്കാനാണ് വരുന്നതെങ്കില്‍ പഠിച്ചിട്ട് പോകുക മാത്രമേ ചെയ്യാവൂയെന്നും പെണ്‍കുട്ടികളോട് നേതാക്കള്‍ താക്കീത് ചെയ്യുന്നുണ്ട്. മുന്‍കാലങ്ങളില്‍ കമ്മിറ്റി അംഗങ്ങള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കുമായിരുന്നെന്നാണ് മറ്റൊരു താക്കീത്.
വിചാരണയ്ക്ക് വിധേയരായ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഈ കോളേജില്‍ പഠിക്കുന്നവരായതിനാല്‍ മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കാന്‍ പേടിയാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്തയില്‍ പറയുന്നു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സമീറിന്റെ നേതൃത്വത്തിലാണ് ഭീഷണിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. അധ്യാപകരോട് പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നും പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോള്‍ ആണ്‍കുട്ടികളായാല്‍ പെണ്‍കുട്ടികളെ കമന്റടിക്കുമെന്നാണ് മറുപടി ലഭിച്ചതെന്നും പി ജി കോഴ്‌സ് പൂര്‍ത്തിയാക്കിയ അനുപമ എന്ന വിദ്യാര്‍ത്ഥി വെളിപ്പെടുത്തി.
Leave a Comment