X

ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍; ബിജെപി രണ്ടാമത്

വെസ്റ്റ് മിഡ്‌നാപുരിലെ ധനേശ്വര്‍പുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തി

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. ആകെയുള്ള 58,692 സീറ്റുകളില്‍ പോളിംഗ് നടന്ന 38,616 സീറ്റുകളിലെ ഫലമാണ് പുറത്തു വന്നത്. 20,076 സീറ്റികളില്‍ തൃണമൂല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം പതിറ്റാണ്ടോളം ബംഗാള്‍ ഭരിച്ച ഇടതുമുന്നണി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 898 ഗ്രാമ പഞ്ചായത്ത് സീറ്റുകളില്‍ വിജയവും 242 സീറ്റുകളില്‍ ലീഡുമാണ് അവര്‍ക്ക് നിലവിലുള്ളത്. അതേസമയം 317 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ അപ്രതീക്ഷിതമായി ജയിച്ചു കയറി. 136 സീറ്റുകളില്‍ അവര്‍ ലീഡ് ചെയ്യുന്നുമുണ്ട്. ചിലയിടങ്ങളിലെ ബിജെപി-സിപിഎം അലിഖിത കൂട്ടുകെട്ടാണ് സ്വതന്ത്രരുടെ വിജയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. 31,836 ഗ്രാമപഞ്ചായത്ത്, 6158 പഞ്ചായത്ത് സമിതികള്‍, 621 ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. 73 ശതമാനമായിരുന്നു പോളിംഗ്.

ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പലയിടങ്ങളിലും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. വെസ്റ്റ് മിഡ്‌നാപുരിലെ ധനേശ്വര്‍പുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തി. ജല്‍പൈഗുരി പോളിടെക്‌നിക് ഇസ്റ്റിറ്റിയൂട്ടിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും 40 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി ഐഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ഹൈക്കോടതി ഓണ്‍ലൈന്‍ സാധ്യത വരെ തേടിയ തെരഞ്ഞെടുപ്പാണ് ഇത്. പത്രിക സമര്‍പ്പിക്കുന്നതിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലെ തങ്ങളെ തടയുന്നതായി ചൂണ്ടിക്കാട്ടി സിപിഎം, ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി പത്രികകള്‍ സ്വീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

This post was last modified on May 17, 2018 6:50 pm