X

മാത്യു ടി തോമസോ ബാലകൃഷ്ണ പിള്ളയോ? ആരാണ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ?

നിയമസഭ വജ്രജൂബിലിയോട് അനുബന്ധിച്ച് പ്രമുഖ പത്രം പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം താനാണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്ന് മാത്യു ടി തോമസിന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു

നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആരെന്ന കാര്യത്തില്‍ അഭിപ്രായഭിന്നത. ഇക്കാര്യത്തില്‍ വ്യക്തത തേടി മാത്യു ടി തോമസ് എംഎല്‍എ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. ആര്‍ ബാലകൃഷ്ണ പിള്ളയാണോ മാത്യു ടി തോമസ് ആണോ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

നിയമസഭ വജ്രജൂബിലിയോട് അനുബന്ധിച്ച് പ്രമുഖ പത്രം പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം താനാണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്ന് മാത്യു ടി തോമസിന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയമസഭാ സെക്രട്ടേറിയറ്റ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒന്ന് മുതല്‍ 14 വരെ സഭകളുടെ ‘ഹു ഈസ് ഹു’ പ്രകാരം ബാലകൃഷ്ണ പിള്ളയാണ് ഏറ്റവും പ്രായം കുറഞ്ഞ അംഗം. 1960ല്‍ 25 വയസായിരുന്നു പിള്ളയുടെ പ്രായം.

1934 ഏപ്രില്‍ ഏഴിനാണ് ബാലകൃഷ്ണ പിള്ളയുടെ ജനന തിയതിയെന്ന് ഇതേ പുസ്തകത്തിലുണ്ട്. 1960 ഫെബ്രുവരി 22ന് രണ്ടാം നിയമസഭ നിലവില്‍ വരുമ്പോള്‍ 25 വയസ്സും പത്ത് മാസവുമാണ് പിള്ളയുടെ പ്രായം. തന്റെ ജനന തിയതി 1961 സെപ്തംബര്‍ 27ന് ആണെന്ന് മാത്യു ടി തോമസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എട്ടാം നിയമസഭ നിലവില്‍ വന്നത് 1987 മാര്‍ച്ച് 25നാണ്. അന്ന് തനിക്ക് 25 വയസ്സും ആറ് മാസവുമേ പ്രായമുള്ളൂവെന്നും മാത്യു ടി തോമസ് വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച് തെറ്റ് തിരുത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് മാത്യു ടി തോമസിന്റെ കത്തിലെ ആവശ്യം.

read more:പി ജയരാജൻ ഇടപെട്ടത് നഗരസഭാധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ല, അരോപണവുമായി പ്രവാസി വ്യവസായിയുടെ കുടുംബം

This post was last modified on June 20, 2019 9:21 am