X

എൻഎൻ കക്കാടിന്റെ പേരില്‍ ബ്രാഹ്മണര്‍ക്കുമാത്രമുള്ള കവിതാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ച് യോഗക്ഷേമ സഭ

ലോകം മുഴുവനുമുള്ള മലയാളമറിയുന്ന ബ്രാഹ്മണരായ കവികളില്‍നിന്നാണ് കവിതകള്‍ ക്ഷണിച്ചിട്ടുള്ളത്.

എന്‍എന്‍ കക്കാടിന്റെ പേരിലുള്ള കവിതാ പുരസ്കാരത്തിന് ബ്രാഹ്മണരില്‍നിന്നു മാത്രം കവിതകള്‍ ക്ഷണിക്കുന്ന പരസ്യം വിവാദമാകുന്നു. മദ്രാസ് യോഗക്ഷേമ സഭ എന്ന സംഘടയാണ് ലോകം മുഴുവനുമുള്ള മലയാളമറിയുന്ന എൻഎൻ കക്കാടിന്റെ പേരിൽ കവിതാ പുരസ്കാരം സംഘടിപ്പിച്ച് ബ്രാഹ്മണരായ കവികളില്‍നിന്നു മാത്രം കവിതകള്‍ ക്ഷണിക്കുന്നത്.

പ്രായഭേദമന്യേ സമുദായ അംഗങ്ങള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ കഴിയുകയെന്ന് അറിയിപ്പില്‍ പറയുന്നു. പങ്കെടുക്കുന്നവര്‍ പേരും ഇല്ലപ്പേരും വിലാസവും ഫോണ്‍ നമ്പറും കവിതക്കൊപ്പം നൽകണമെന്നാണ് അറിയിപ്പ്. മലയാള ബ്രാഹ്മണര്‍ക്ക് വേണ്ടിമാത്രം യോഗക്ഷേമസഭ നടത്തുന്ന ‘സ്വകാര്യ മത്സര’മാണിതെന്നും നോട്ടീസില്‍ പറയുന്നു.

ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട്. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു സഞ്ചരിച്ച കക്കാടിന്റെ കവിതകളില്‍ ജനാധിപത്യ മൂല്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ബ്രാഹ്മണജാതിയില്‍ പിറന്നുവെങ്കിലും ജാതീയ താല്‍പ്പര്യങ്ങള്‍ പുലര്‍ത്തിയ വ്യക്തിയായിരുന്നില്ല കക്കാട്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്‌നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളില്‍ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലര്‍ന്നിരുന്നു. മലയാളത്തിൽ ആധുനികതയെ സ്ഥാപിച്ച കവികളിൽ പ്രമുഖനായിരുന്നു അദ്ദേഹം.

മാനുഷിക മൂല്യങ്ങള്‍ക്കുവേണ്ടി എക്കാലവും നിലകൊണ്ട കക്കാടിന്റെ പേരിലാണ് ഇപ്പോള്‍ യോഗക്ഷേമ സഭ ബ്രാഹ്മണര്‍ക്കുമാത്രമായി കവിതാ അവാര്‍ഡ് നൽകുന്നത്.

നമ്പൂതിരി സമുദായത്തിലെ നിരവധി ദുരാചാരങ്ങള്‍ക്കെതിരെ വലിയ ഇടപെടലുകൾ നടത്തിയ ചരിത്രമുള്ള സംഘടനയാണ് യോഗക്ഷേമ സഭ. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ മുൻനിരയിൽത്തന്നെ യോഗക്ഷേമ സഭ നിലകൊണ്ടിരുന്നു.

മദ്രാസ് യോഗക്ഷേമസഭയുടെ പ്രതികരണം

ബ്രാഹ്മണരായ കവികള്‍ക്ക് എന്‍എന്‍ കക്കാടിനെ പരിചയപ്പെടുത്താനും, കക്കാടിന്റെ കവിതകളെകുറിച്ച് അറിവ് പകരാനുമാണ് മത്സരം നടത്തുന്നതെന്നും ബ്രാഹ്മണരായ കവികളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്നും മദ്രാസ് യോഗക്ഷേമസഭയുടെ സെക്രട്ടറി അഴിമുഖത്തോട് പറഞ്ഞു.

മലപ്പുറത്തെ മാറ്റിമറിക്കുന്ന പെണ്‍കുട്ടികള്‍; ശൈശവ വിവാഹ ഇരകളല്ല, പഠിച്ചു മുന്നേറാന്‍ കൊതിക്കുന്ന മിടുക്കികളാണ് അവര്‍

 

This post was last modified on June 4, 2019 4:39 pm