X

ഉറി; മോദി പ്രായോഗിക നിലപാടിലേയ്ക്ക്

ടീം അഴിമുഖം

പാകിസ്ഥാനെതിരെ നടപടിയെടുക്കുന്ന വിഷയത്തില്‍ പ്രായോഗിക നിലപാട് സ്വീകരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ഉറിയിലെആര്‍മി ക്യാമ്പിനു നേരെ ഉണ്ടായ ആക്രമണത്തിനോട് സൈനിക നീക്കത്തിലൂടെയായേക്കില്ല മറുപടി പറയുന്നതെന്നാണ് ഗവണ്‍മെന്‍റ് നല്‍കുന്ന സൂചനകള്‍.

ഇക്കാര്യത്തില്‍ പാകിസ്ഥാനോട് ഏറെക്കുറെ നയതന്ത്രപരമായ പ്രതികരണമാകും ന്യൂഡെല്‍ഹിയില്‍ നിന്നുണ്ടാവുക എന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. അതോടൊപ്പം പാകിസ്ഥാന്‍  ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നു പ്രഖ്യാപിക്കുന്നതിനായി ആഗോളതലത്തിലുള്ള പ്രചാരണവും ഉണ്ടാകും.

“ഐക്യരാഷ്ട്ര സംഘടന ഇക്കാര്യത്തെ അതീവ ഗൌരവത്തോടെ പരിഗണിക്കേണ്ടതുണ്ട്; കാരണം ഭീകരത മനുഷ്യരാശിക്കു തന്നെ ഭീഷണിയാണ്. ഭീകരവാദത്തിന്‍റെ ഉല്‍ഭവകേന്ദ്രമായി മാറിയിരിക്കുകയാണ് പാക്കിസ്ഥാന്‍. യു‌എന്‍ മുന്നോട്ടു വന്ന് അവരെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” ഗവണ്‍മെന്‍റിനെ പ്രതിനിധീകരിച്ചു കൊണ്ട് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ വെങ്കയ്യ നായിഡു പറഞ്ഞു. ഇറാന്‍, സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളെ “ഭീകരതയുടെ സ്റ്റേറ്റ് സ്പോണ്‍സര്‍മാര്‍” എന്ന് യു‌എസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘടനകളെയാണ്, രാഷ്ട്രങ്ങളെയല്ല യു‌എന്‍ അത്തരത്തില്‍ പ്രഖ്യാപിക്കാറ്.

ഞായറാഴ്ചയിലെ ആക്രമണത്തിന് പകരമായി പാകിസ്ഥാനു നേരെ എടുത്തുചാടി സൈനിക നീക്കം നടത്തരുതെന്ന് മിലിറ്ററി കമാന്‍ഡര്‍മാരും വിദഗ്ദ്ധരും ഗവണ്‍മെന്‍റിനെ ഉപദേശിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഗവണ്‍മെന്‍റ് നടത്തിയ കൂടിയാലോചനകളില്‍ പെട്ടെന്നുള്ള ഒരു പട്ടാള നടപടിയും ഇന്ത്യയ്ക്കു മെച്ചമൊന്നും കൊണ്ടുവരില്ല എന്നത് വ്യക്തമായിരുന്നു. രാജ്യവ്യാപകമായ ജനരോഷത്തെ തൃപ്തിപ്പെടുത്താനായേക്കാം എന്നുമാത്രം. എന്നാല്‍ ഈ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഒരു ആണവ യുദ്ധത്തിലേയ്ക്കു വരെ അത് കൊണ്ടുചെന്നെത്തിക്കാം എന്നതും കണക്കിലെടുക്കേണ്ടിയിരുന്നു.

നിയന്ത്രണ രേഖയില്‍ (LOC) പാകിസ്ഥാന്‍ സൈന്യം പ്രതിരോധത്തിലൂന്നിയ നിലയിലാണെന്ന് ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ ഗവണ്‍മെന്‍റിനെ ധരിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തി രേഖയ്ക്കപ്പുറം ലക്ഷ്യം വയ്ക്കേണ്ടതായ പ്രധാന ടെററിസ്റ്റ് ക്യാംപുകളൊന്നും ഇല്ലെന്നും അവര്‍ സമ്മതിക്കുന്നുണ്ട്.

കാശ്മീര്‍ തീവ്രവാദത്തിന്‍റെ സ്വഭാവം തന്നെ മാറിയതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അതിര്‍ത്തിക്കപ്പുറം ഭീകരരുടെ വന്‍ ക്യാംപുകള്‍ കാണുന്നില്ല. ഏതൊരാക്രമണവും സാധാരണ ജനങ്ങളെ ബാധിക്കുമെന്നതിനാല്‍ വിനാശകരമായേക്കാം.

എന്നാല്‍, ചില പാക്കിസ്ഥാനി ലക്ഷ്യസ്ഥാനങ്ങളില്‍ കമാന്‍ഡോ റെയ്ഡ് പോലെയുള്ള മിതമായ നീക്കങ്ങള്‍ പ്രതീക്ഷിക്കാം. പാകിസ്ഥാന്‍ സ്പോണ്‍സേഡ് ഭീകരതയ്ക്ക് പകരം ചോദിക്കണമെന്ന പൊതുജനത്തിന്‍റെ ആവശ്യത്തെ തൃപ്തിപ്പെടുത്താനാവും അത്. 

തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ചര്‍ച്ചകളെ കുറിച്ച്  പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയെ ധരിപ്പിച്ചു. പാകിസ്ഥാനെ കുറിച്ച് മുന്‍പു പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ കൂടി സങ്കീര്‍ണ്ണമായ ഈ വിഷയത്തെ പ്രായോഗികമായാണ് അദ്ദേഹം കൈകാര്യം ചെയ്തത്. പാകിസ്ഥാനെതിരെ കൈക്കൊള്ളാന്‍ തീരുമാനിച്ചിട്ടുള്ള നടപടികളില്‍ ചിലത് ഇവയാണ്: 

പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ വെട്ടിക്കുറയ്ക്കുക, ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തിരികെ വിളിക്കുക, പാക്കിസ്ഥാനെതിരെ ആഗോളതലത്തില്‍ നയതന്ത്രപരമായ ആരോപണങ്ങള്‍ ഉന്നയിക്കുക, ഭീകരതയെ കുറിച്ച് പ്രശ്നമുന്നയിക്കാന്‍ ഇപ്പോള്‍ നടക്കുന്ന യു‌എന്‍ ജനറല്‍ അസംബ്ലി സെഷന്‍ ഉപയോഗിക്കുക. പാകിസ്ഥാനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും അവസാനിപ്പിക്കുന്നതിനെ പറ്റിയും അതിര്‍ത്തിയിലെ വ്യാപാരങ്ങള്‍ എല്ലാം തന്നെ നിര്‍ത്തലാക്കുന്നതിനെ പറ്റിയും ന്യൂഡല്‍ഹി കേന്ദ്രങ്ങള്‍ ചിന്തിക്കുന്നുണ്ട്.

This post was last modified on September 21, 2016 8:43 am